“അമ്മാ… അച്ഛൻ വന്നില്ലേ?”
ശ്രീകുട്ടിയുടെ ചോദ്യത്തിന് അവളൊന്ന് പുഞ്ചിരിച്ചു…
“അച്ഛൻ വന്നില്ല മോളെ…”
“അച്ഛന് നമ്മളെ വേണ്ടേ, അമ്മാ?”
ദയനീയമായ മകളുടെ മുഖം കണ്ട് സിനിയുടെ കണ്ണ് നിറഞ്ഞു… മകളുടെ കയ്യിൽ പിടിച്ചവൾ ചിരിക്കാൻ ശ്രമിച്ചു.
“അച്ഛന്… അച്ഛന് നമ്മളെ വേണ്ട മോളെ… മോൾക്ക് അച്ഛനെ വേണോ അമ്മയെ വേണോ?”
“എനിക്ക് അമ്മയെ മതി… നന്ദൂട്ടിക്കും അമ്മയെ മതീന്ന് പറഞ്ഞു അവള്…”
നിഷ്കളങ്കമായ മകളുടെ മറുപടി കേട്ട സിനി പുഞ്ചിരിച്ചു.
“നന്ദൂട്ടി എപ്പോഴാ അങ്ങനെ പറഞ്ഞെ”
“അത് കൊറച്ചു ദിവസം മുന്നേ അച്ഛൻ വീട്ടിൽ വന്നിട്ട് ഞങ്ങളോട് മിണ്ടാൻ പോലും നിക്കാതെ തിരിച്ചു പോയില്ലേ….അന്ന്… അച്ഛന് എന്നോട് ഒട്ടും ഇഷ്ടല്ല അമ്മക്ക് മാത്രേ എന്നോട് ഇഷ്ടമുള്ളൂ, ചേച്ചിക്ക് വേണേൽ അച്ഛനെ എടുത്തോ എനിക്ക് അമ്മയെ മതീന്ന് പറഞ്ഞു…”
” അച്ഛന് വേണ്ടെങ്കിൽ എന്താ… മക്കൾക്ക് അമ്മയുണ്ടല്ലോ… പിന്നെന്താ…”
“അഫ്സൽ മാമൻ പോയോ അമ്മാ?”
“പോയല്ലോ…”
“ഇനി വരില്ലേ..”
“വരും… മാമൻ മോൾക്കുള്ള ഫുഡും കൊണ്ട് വരും ട്ടോ…”
“ആണോ… എന്നാ വരുമ്പോ എനിക്കൊരു ചോക്ലേറ്റ് കൊണ്ട് വരാൻ പറയുവോ?”
“മോള് തന്നെ പറഞ്ഞോ…”
സിനി മൊബൈൽ എടുത്തു അഫ്സലിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു…
“അഫ്സു മാമാ… ഇത് ഞാനാ ശ്രീക്കുട്ടി…”
“ആഹ്ഹ് മോളോ… എന്ത് പറ്റി മോളെ? ക്ഷീണമൊക്കെ മാറിയോ?”