പേടിയും ടെൻഷനും എല്ലാം കൊണ്ട് ക്ഷീണിച്ചിരുന്ന സിനി പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു.
പുലർച്ചെ ആറ് മണിക്ക് ഞെട്ടിയുണർണ സിനി കണ്ടത് ശ്രീകുട്ടിയെ പരിചരിക്കാൻ വന്ന സിസ്റ്ററോട് കാര്യങ്ങൾ ചോദിച്ചറിയുന്ന അഫ്സലിനെയാണ്.
“ആഹാ… എണീറ്റോ?”
“സോറി… ഉറങ്ങി പോയി.”
ബെഡിൽ നിന്നിറങ്ങികൊണ്ട് സിനി മുടി വാരികെട്ടി.
“എണീക്കണ്ട. കുറച്ചു സമയം കൂടെ ഉറങ്ങിക്കോ. സമയം 6 ആയതെ ഉള്ളൂ.”
“നിനക്ക് ബുദ്ധിമുട്ട് ആയി അല്ലെ… പെട്ടെന്ന് നിന്നെ മാത്രേ എനിക്ക് ഓർമ വന്നുള്ളൂ…”
“പിന്നേ… ഭയങ്കര ബുദ്ധിമുട്ടായി… ഇനി ഇങ്ങനെ ബുദ്ധിമുട്ടിക്കരുത് ട്ടാ…”
“സോറി…”
തല താഴ്ത്തി നിന്ന സിനിയുടെ കണ്ണുകൾ നിറഞ്ഞു.
“ഇവർ നിന്റെ മാത്രം അല്ല. എന്റെയും മക്കളാ… അതുകൊണ്ട് മേലിൽ ബുദ്ധിമുട്ട് കഷ്ടപ്പാട് എന്നുള്ള വർത്താനം പറയരുത്”
സിനിയുടെ തലയിൽ ഒരു കൊട്ട് കൊടുത്തു കൊണ്ട് അഫ്സൽ അവളെ ആശ്വസിപ്പിച്ചു.
“ഞാനൊന്ന് വീട്ടിൽ പോയി ഫ്രഷ് ആയി വരാം.”
സിനി അവനോട് തലയാട്ടുക മാത്രം ചെയ്തു.
“പിന്നെ… ഭക്ഷണം ഞാൻ കൊണ്ടുവരാം.”
“വേണ്ടടാ… ഭക്ഷണം ഞാൻ കാന്റീന്നു മേടിച്ചോളാം.”
അഫ്സലിന്റെ തറപ്പിച്ചുള്ള നോട്ടത്തിൽ സിനി ഒന്ന് പകച്ചു.
“നീ ഞാൻ പറയുന്നത് അങ്ങോട്ട് കേൾക്ക്. ഞാൻ പോയി വരാം. നിനക്ക് എന്തെങ്കിലും വേണോ? മാറി ഉടുക്കാൻ ഡ്രസ്സ് ഉണ്ടോ?”
“ഇല്ല…”
“തല്കാലം ഞാൻ പാത്തൂന്റെ ഏതേലും ഡ്രസ്സ് എടുക്കാം.”
“ഡാ…”
ഡോറിന്റെ കൊളുത്തിൽ കൈ വച്ച അഫ്സലിനെ നോക്കി സിനി വിളിച്ചു. അഫ്സൽ തിരിഞ്ഞു സിനിയെ നോക്കി.