“ആഹ്മ് ശെരി… എന്നാ പാത്തു ഒറങ്ങിക്കോ. ഉറക്കം കളയണ്ട.”
അഫ്സൽ റൂമിലേക്ക് കേറുമ്പോ സിനി ശ്രീകുട്ടിയുടെ അടുത്തു തന്നെ ഇരിപ്പുണ്ട്. നന്ദൂട്ടി സിനിയുടെ മടിയിൽ അവളെ പറ്റിച്ചേർന്നു കിടക്കുന്നു.
“നീ നന്ദൂട്ടിയെയും കൊണ്ട് പോയി കിടക്ക്. അവൾ ആകെ പേടിച്ചിരിക്കാ.”
അടുത്തുള്ള ബെഡ് ചൂണ്ടി അഫ്സൽ സിനിയോട് പറഞ്ഞു. അപ്പോഴാണ് സിനി നന്ദൂട്ടിയെ ശെരിക്ക് ശ്രദ്ധിക്കുന്നത്. അവളെ എടുത്തു കൊണ്ട് സിനി അടുത്തുള്ള ബെഡിലേക്ക് കേറി.
അഫ്സൽ ശ്രീക്കുട്ടിയുടെ ബെഡിനടുത്തുള്ള സ്റ്റൂളിലേക്ക് ഇരുന്നുകൊണ്ട് അവളുടെ കയ്യിൽ തലോടികൊണ്ടിരുന്നു.
സിനി ബെഡിൽ നന്ദൂട്ടിയെ ചേർത്ത് പിടിച്ചു അഫ്സലിന് നേരെ ചെരിഞ്ഞു അവനെയും നോക്കി കിടന്നു. അവളുടെ ഹൃദയം ഇപ്പോൾ മുതൽ അവനു വേണ്ടി മാത്രം തുടിക്കുന്ന പോലെ തോന്നി അവൾക്ക്. അവനു തന്നോടുള്ള ഇഷ്ടം ഇന്നലെ വരെ വേണ്ടന്ന് വച്ചിരുന്നെങ്കിൽ ഇപ്പോൾ മുതൽ അവളും അവനെ കൊതിതീരെ സ്നേഹിക്കാൻ ആഗ്രഹിച്ചു തുടങ്ങിയിരുന്നു.
അവൻ വന്നില്ലായിരുന്നെങ്കിൽ ഈ രണ്ട് മക്കളെയും കൊണ്ട് ഞാൻ എന്ത് ചെയ്തേനെ? സ്വന്തം അച്ഛൻ കാണിക്കാത്ത സ്നേഹം അല്ലെ അവൻ തന്റെ മക്കളോട് കാണിക്കുന്നത്? അവൻ… അവനെന്നെ അത്രക്ക് ഇഷ്ടാണോ? സിനിയുടെ ചിന്തകൾ അവളെ അവനുമായി കൂടുതൽ അടുപ്പിച്ചിരിക്കുന്നു. അവളുടെ അടുത്ത കൂട്ടുകാരനിൽ നിന്നും അവളുടെ എല്ലാം എല്ലാമായ കാമുകനിലേക്കുള്ള മാറ്റം…
തന്റെ മകളുടെ അടുത്ത് ഒരച്ഛനെ പോലെ അവളെ പരിപാലിച്ചു ഇരിക്കുന്ന അഫ്സലിനെ നോക്കി സിനി പുഞ്ചിരിച്ചു.