മുറിയിൽ കിടക്കാൻ ചെല്ലാൻ ധൃതിയായിരുന്നു.. കഴിയുമെങ്കിൽ ഇന്നെല്ലാം ഞാൻ തകർക്കും.. ആവേശത്തോടെ ഒരു ബനിയൻ പാന്റും ഒരു ടീ ഷർട്ടും കുത്തികേറ്റി ആ മുറിയിൽ ആകെയുള്ള മെത്തയിൽ വിസ്തരിച്ചു കിടന്നു.. ഇത്രേം നേരം ഓടി പണിയെടുത്തത് കൊണ്ടാണോ എന്നറിയില്ല.. നല്ല ക്ഷീണം.. കയ്യിലെ മൊബൈൽ എടുത്തു.. ചാർജ് കുറവാണ്.. മെസ്സേജ് നോക്കാൻ നിന്നെങ്കിലും വേണ്ടെന്നു വച്ചു കൊണ്ടു വീട്ടിൽ നിന്നും കൊണ്ടുവന്ന ചാർജർ എടുത്തു കുത്തി വച്ചു… ഫാൻ ഓൺ ചെയ്തു തണുത്ത അന്തരീക്ഷത്തിൽ അൽപനേരം കിടന്നു..
കുറച്ചു കഴിഞ്ഞു എന്റെ ചെറു മയക്കത്തെ ഉണർത്തി അമ്മയും ദേവൂട്ടിയും വന്നു.. വന്നയുടനെ അമ്മ മെത്തയിൽ ഒരു കിടപ്പാണ്. നല്ലോണം ക്ഷീണിച്ചിട്ടുണ്ട്. ദേവൂട്ടിയുടെ മുഖത്തും നല്ല ക്ഷീണമുണ്ട്.. അവളും ഒരു വശത്തു കിടന്നു.. ഞാൻ എണീറ്റ് ജനലിൽ കൂടി പുറത്തേക്കു നോക്കി.. പന്തൽ ഒഴിഞ്ഞിരിക്കുന്നു.. ശബ്ദമുണ്ടാക്കി ക്ഷീണിച്ച സൗണ്ട് ബോക്സ്സുകളെ ഒരു ഗുഡ്സ് ഓട്ടോയിൽ കയറ്റി കൊണ്ടു പോവുന്നു.. ലൈറ്റുകൾ അണഞ്ഞ സ്ഥിതിക്ക് എല്ലാരും കിടക്കാനായി എന്നർത്ഥം..
“”ഹോ ക്ഷീണിച്ചു. ഇനിയൽപ്പം കിടക്കട്ടെ.. ഈശ്വരാ “” വയ്യാത്ത കാലിൽ കൈവച്ചു കൊണ്ടു കുഞ്ഞേടത്തി കയറി വന്നു..
“”എന്തൊരു ചൂടാ ഇവിടെ.. “”എണീറ്റിരുന്നു കൈകൾ വീശി അമ്മ പറഞ്ഞു..
കുഞ്ഞേടത്തി മറുപടിയെന്നോണം ഒന്നു മൂളി. പിന്നെ കൂടെയുണ്ടായിരുന്ന അമ്മായിമ്മയെ മെത്തയുടെ ഒരു സൈഡിൽ കിടത്തി..
“”നിനക്ക് നല്ല ക്ഷീണം കാണുമല്ലേ.. നല്ലോണം ഓടി പണിയെടുത്തു ന്റെ കുഞ് “” തിരിഞ്ഞു നിന്ന എന്നെ നോക്കി കട്ടിലിന്റെ അടിയിൽ നിന്നും ഒരു മെത്തയെടുത്തു നിലത്തു വിരിക്കുന്നതിനിടയിൽ കുഞ്ഞേടത്തി പറഞ്ഞു.