“ഒരു യാത്ര മുടങ്ങിന്ന് വെച്ച് ഇത്ര സങ്കടപ്പെടാൻ ഉണ്ടോ? ചില മനസ്സ് അങ്ങനാ ആഴത്തിൽ വേദിനിക്കും. കുട്ടികളുടെ മനസ്സല്ലേ പ്രായം പതിനെട്ടായി എന്ന് പറഞ്ഞിട്ടെന്താ, ഈ വീട്ടിലെ കുഞ്ഞുവാവ ഇപ്പഴും അവൻ തന്നാ. ഒരു പാട് വേദനിച്ചിട്ടുണ്ടാവും. ഇതിപ്പം ആദ്യത്തെ തവണയല്ലെല്ലോ അതാവും ഇത്ര വിഷമം.”
അവൻ്റെ ഇരുപ്പ് കണ്ട പൂജയുടെ മനസ്സിലൂടെ എന്തൊക്കെയൊ കടന്നു പോയി. നല്ല കൂട്ടാ ആദിയും പൂജയും. അമ്മയും മകനും ആണെങ്കിലും രണ്ട് പേരും ഒരേ തൂവൽ പക്ഷികളായതു കൊണ്ടാവും. “ആദിയ്ക്ക് അമ്മ കൂട്ട്… അമ്മയ്ക്ക് ആദി കൂട്ട്” – അതായിരുന്നു ആദി എപ്പഴും പറയാറ്.
എപ്പഴും കളിയും ചിരിയുമായി നിന്നിരുന്ന അവനിപ്പം. പൂജ അവനെ സങ്കടത്തോടെ നോക്കി. അവനിപ്പഴും മൂക മുഖവുമായി ദൂരേ മഴയിലേയ്ക്ക് നോക്കി ഇരിക്കുകയാണ്.
“നമുക്ക് ഒരു ട്രിപ്പ് അടിച്ചാലോ?” പൂജ അവൻ്റെ മുഖത്തേക്ക് നോക്കി ഒരു ചെറിയ ചിരിയോടെ ചോദിച്ചു.
മഴയുടെ കനമോ കൈവിട്ട മനസ്സോ അവന് അമ്മ പറഞ്ഞത് അങ്ങോട്ട് ശരിക്കും മനസ്സിലായില്ല.
“ങേ..” അവൻ അമ്മയെ നോക്കി.
“നമുക്ക് ഒരു ട്രിപ്പ് അടിച്ചാലോന്ന്?” പൂജ വീണ്ടും ചിരിയോടെ പറഞ്ഞു.
“നമുക്കോ?”
“ഹാ..നമ്മക്ക്..”
“നമ്മള് ന്ന് പറഞ്ഞാൽ?” ആദി അമ്മയുടെ നേരെ തിരിഞ്ഞിരുന്നു.
“ഞാനും നീയും.”
“ആഹാ, ബെസ്റ്റ്. നുണ ആണേലും കേൾക്കാൻ രസണ്ട്.”
ആദി വീണ്ടും മഴയിലേക്ക് തന്നെ നോക്കിയിരുന്നു.
“അതെന്താ നമ്മള് രണ്ടാളും പോയാ പുളിക്കോ?” പൂജ ഉറച്ചു നിന്നു.