ഫലപ്രഖ്യാപനം വന്നതും പൂജയും ആദിയും ഒന്നയഞ്ഞു. കൈയ്യിലെ കുരുക്ക് ഒന്നയഞ്ഞതും ഇത്രയും നേരം തന്നെ ഒന്നുമല്ലാതാക്കിയ വെള്ളം ശക്തിയായി അവരിലേക്ക് പ്രവഹിച്ചു. അത് ഏറ്റുവാങ്ങിയ പൂജയും ആദിയും പുഴയിലേയ്ക്ക് ഊർന്നു വീണു.
വെള്ളത്തിൽ നിന്ന് ഉയർന്നു പൊങ്ങിയ ഇരുവരും ജയിച്ചതിൻ്റെ സന്തോഷം പരസ്പരം കൈയ്യടിച്ച് ആഘോഷിച്ചു.
“നിങ്ങള് അമ്മയും മോനും നല്ല കട്ടയാല്ലെ.” വെള്ളത്തിൽ അവർക്കൊപ്പമുള്ള ഒരാൾ അവരെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.
“പിന്നല്ല” ആദി തൻ്റെ മുടി ഒതുക്കി നിർത്തി പറഞ്ഞു.
“നാട്ടിലെവിടയാ?” പൂജ അയാളോട് ചോദിച്ചു.
“പത്തനംതിട്ട ഇവിടെ കുട്ടികളുടെ കൂടെ ടുറിന് വന്നതാ,” അയാൾ മറുപടി പറഞ്ഞു.
“നൈസ് മാം ആൻഡ് സൺ,” പ്രശംസകൾ വന്നു കൊണ്ടേയിരുന്നു.
“നമ്മള് സ്റ്റാർ ആയല്ലെ മ്മാ?” ആദി ഗമയോടെ പറഞ്ഞു
“നീ നീന്താൻ ഉണ്ടോ?” പൂജ വെള്ളത്തിൽ നിന്ന് ഒന്ന് കറങ്ങി
“മത്സരമാണോ? എന്നാ ഞാനില്ലാ.”
“അതെന്താ?”
“അമ്മയോട് കളിച്ചാൽ ഞാൻ ജയിക്കൂലാ.”
“മത്സരമല്ലടാ, ചുമ്മാ ഒരു രസം. നീ വാ” അതും പറഞ്ഞ് പൂജ അവനെ ഒന്ന് വട്ടം വെച്ച് നീന്താൻ തുടങ്ങി.
“എന്നാ ഞാനും ഇതാ വരുന്നു,” ആദിയും പൂജയുടെ പിന്നാലെ നീന്താൻ തുടങ്ങി.
അങ്ങോട്ടും ഇങ്ങോട്ടും നീന്തിയും മുങ്ങാം കുഴി ഇട്ടും പൂജയും ആദിയും ആ കൊച്ചു പുഴയിൽ ആടി തിമിർത്തു.
“അമ്മയ്ക്ക് എത്ര നേരം വെള്ളത്തിനടിയിൽ നിൽക്കാൻ കഴിയും?”