“അതിന് നമ്മളെ ഒഴിവാക്കിയത് എന്തിനാ?”
“അറിയില്ല.”
ഒരു നേർത്ത നെടുവീർപ്പിന് ശേഷം അവൾ പറഞ്ഞു.
“എപ്പഴും..ഇങ്ങനാ..” ആദി അമ്മയുടെ മാറിൽ കിടന്നുകൊണ്ട് ദൂരേയ്ക്ക് നോക്കി പറഞ്ഞു.
“അല്ലെങ്കിലും. ആദ്യമായിട്ടാണോ അവർ നമ്മളെ ഒഴിവാക്കുന്നത്. അവർ രണ്ടാളും തീരുമാനിക്കും, നമ്മൾ രണ്ടാളും അനുസരിക്കും. എത്ര കാലമായി നമ്മളെല്ലാരും കൂടി ഒന്ന് ഒന്നിച്ചിരുന്ന് സംസാരിച്ചിട്ട്? ഒന്ന് ഭക്ഷണം കഴിച്ചിട്ട്? ഒന്ന് പുറത്ത് പോയിട്ട്? എപ്പഴും ബിസിനസ് ബിസിനസ്. നിനക്ക് നിൻ്റെ അച്ഛനും ഇല്ല, എനിക്ക് എൻ്റെ ഭർത്താവും ഇല്ല.”
പൂജ അത്രയും നേരം അടക്കിപ്പിടിച്ച വിഷമം മുഴുവൻ ഉണ്ടായിരുന്നു അവളുടെ ആ വാക്കുകളിൽ.
“വാ..എണീക്ക്. വേഗം പോയി കുളിക്ക്. യൂണിഫോമോടെ ഇരിക്കണ്ട,” പൂജ അതും പറഞ്ഞ് എഴുന്നേറ്റ് അവൻ്റെ ഒരു കൈ പിടിച്ച് വലിച്ച് അവനെ എഴുന്നേൽപ്പിച്ചു.
കലങ്ങിയ കണ്ണുകളുമായി അവൻ മെല്ലെ നടന്നു. അതും നോക്കി പൂജ നിന്നു.
ഗോവിന്ദാ കമ്പനിയുടെ ഉടമസ്ഥനായ ഗോവിന്ദൻ്റെ ആദ്യ ഭാര്യ മരിച്ചപ്പോൾ ഇനിയൊരു കല്യാണം വേണ്ടന്ന് വെച്ചതാണ്. പക്ഷേ ഒറ്റയ്ക്കായ തൻ്റെ മകൻ ദീപുവിന് ഒരു അമ്മയെ വേണം എന്ന് എല്ലാരും കൂടി പറഞ്ഞപ്പം ഗോവിന്ദൻ രണ്ടാമത് കല്യാണം കഴിച്ചതാണ് പൂജയെ.
18 വയസ്സ് മാത്രം പ്രായമുള്ള സുന്ദരിയായ പൂജയെ പണത്തിൻ്റെ പവ്വറും കൊണ്ടാണ് ഗോവിന്ദന് കിട്ടിയതെന്ന് എല്ലാർക്കും അറിയാം. നിർധന കുടംബത്തിലെ പൂജയ്ക്കും അതൊരു നല്ല ആലോചനയായിരുന്നു. ഇട്ട് മൂടാൻ സ്വത്ത്, സിംഗപ്പൂരിൽ സ്വന്തമായി രണ്ട് കമ്പനികൾ വലിയ വീട്, കാറ്… അങ്ങനെ എല്ലാം കൊണ്ടും ഭാഗ്യം തന്നെ.