“സാരമില്ലടാ, ഞാനും നിന്നെപ്പോലെയല്ലെ. ഞാനും ഒരുപാട് ആശിച്ചതല്ലെ. നമ്മക്ക് അത് വിധിച്ചിട്ടില്ലെന്ന് കരുതി സമാധാനിക്ക്,” പൂജ അവനെ ചെറുതായൊന്ന് ആശ്വസിപ്പിക്കാൻ പറഞ്ഞു.
“ഞാൻ എത്ര ആശിച്ചുന്നറിയോ അമ്മയ്ക്ക്. എപ്പഴും ഈ അച്ചൻ ഇങ്ങനാ പറ്റിക്കും,” അവൻ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു.
“ദീപു ഏട്ടന് ബൈക്കും മൊബൈലും ടാമ്പും ക്രിക്കറ്റ് ബാറ്റും എല്ലാം വാങ്ങി കൊടുക്കും. പറയണ സ്ഥലത്തൊക്കെ കൊണ്ടോവും. എനിക്ക് മാത്രം ഒന്നൂല്ല. എല്ലാം അവന്, എനിക്ക് ഒന്നും ഇല്ല.”
“അവൻ നിന്നെക്കാളും മുതിർന്നതല്ലെ, അതുകൊണ്ടല്ലെ.”
“അല്ല, ന്നോട് സ്നേഹമില്ലാഞ്ഞിട്ടാ. എന്നെ ആർക്കും ഇഷ്ട്ടല്ലാ, അതാ.”
“ആദി, നിനക്ക് ഞാനില്ലെ. അമ്മ നിന്നോട് സ്നേഹ കുറവ് കാട്ടിട്ടുണ്ടോ?”
പൂജ അത് പറഞ്ഞപ്പോൾ ആദി കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അമ്മയെ ഒന്ന് നോക്കി. ശരിയാ, ഈ ഭൂമിയിൽ അവന് ഏറ്റവും ഇഷ്ട്ടം അവൻ്റെ അമ്മയെയാ. അമ്മ മാത്രം എപ്പഴും അവൻ്റെ സൈഡാ.
“ഞാനിനി എൻ്റെ ഫ്രണ്ട്സിനോടൊക്കെ എന്ത് പറയും? അവരൊക്കെ എന്നെ കളിയാക്കി കൊല്ലും.”
“നീയതിന് തള്ളി മറിച്ചിട്ടല്ലെ!”
“ഞാൻ തള്ളി മറിച്ചിട്ടൊന്നും ഇല്ല. അച്ഛൻ പറഞ്ഞ് പറ്റിക്കുംന്ന് ഞാനറിഞ്ഞോ.”
പൂജയുടെ കൈയ്യിൽ അതിന് മറുപടി ഉണ്ടായിരുന്നില്ല.
“ഇനി എപ്പഴാ അച്ഛൻ വരുന്നതമ്മേ?”
“അച്ഛൻ ഇനി രണ്ട് വർഷം കഴിയും.”
“അപ്പോ ചേട്ടൻ?”
“നമ്മടെ കമ്പനിയിൽ അവനൊരു ജോലി ശരിയാക്കിയത്രെ. അതാ അവര് നേരെത്തെ പോയത്.”