“ഹാ ചേച്ചി, ഞാൻ പോവ്വാണെ. എനിക്ക് ആറു മണിയ്ക്ക് ഒരു ഓട്ടം ഉണ്ട്.”
രഘു അതും പറഞ്ഞ് ഓഡിയുടെ ചാവി പൂജയെ ഏൽപ്പിച്ച് ഗെയ്റ്റ് കടന്നു പോയി. എന്തോ പന്തികേട് തോന്നിയ ആദി പൂജയുടെ മുഖത്തേക്ക് നോക്കി മെല്ലെ ചോദിച്ചു.
“അച്ഛനും ദീപു ചേട്ടനും എവിടെ പോയമ്മാ?
ഒരു നീണ്ട നിശബ്ദതയ്ക്കും ഒരു നെടുവീർപ്പിനും ശേഷം പൂജ അവൻ്റെ മുഖത്തേയ്ക്ക് നോക്കി.
“അവരു പോയി”
“എങ്ങോട്ട്?”
“അവര്..സിംഗപ്പൂര് പോയി.”
“അപ്പൊ നമ്മളോ?”
“നമ്മള് ഇല്ല.”
ആദിയുടെ സങ്കടം അറിയാവുന്ന പൂജ അധികം അവിടെ നിൽക്കാതെ തൻ്റെ റൂം ലക്ഷ്യമാക്കി നീങ്ങി.
നെഞ്ചിൽ വലിയൊരു കരിങ്കല്ല് എടുത്ത് വെച്ച പോലായിരുന്നു ആദിക്ക്. ഒന്ന് കരയാൻ പോലും അവന് സാധിക്കുന്നില്ലായിരുന്നു. കൈയ്യിലെ ചിപ്സും പാക്കറ്റ് താൻ അറിയാതെ തന്നെ നിലത്ത് വീണ് ചിതറി. യാന്ത്രികമായ അവൻ്റെ മനസ്സും ശരീരവുമായി അവൻ ഉമ്മറെത്തെ സ്റ്റപ്പിൽ ദൂരേയ്ക്ക് നോക്കി ഇരുന്നു.
നേരം സന്ധ്യയായി പൂജ തൻ്റെ മുറിയിൽ നിന്നിറങ്ങി മെല്ലെ ഉമ്മറത്തേക്ക് ചെന്നു. ആദി ഇപ്പഴും അതേ ഇരുപ്പാണ്. വീണ് കിടക്കുന്ന ചിപ്പ്സിൽ ഉറുമ്പുകൾ കൂട്ടം കൂടിയിട്ടുണ്ട്. പൂജ ഒരു ചൂലെടുത്ത് അതെല്ലാം ഒന്ന് അടിച്ചുവാരി. എന്നിട്ട് അവൻ്റെ അടുക്കൽ ചെന്നിരുന്നു. എന്നിട്ട് അവൻ്റെ ആ കൈയൊന്ന് എടുത്ത് തൻ്റെ ഉള്ളം കൈയ്യിൽ ചേർത്തു പിടിച്ചു.
“ആദി..”
വിളിച്ചു തീരുന്നതിനു മുൻപേ അവൻ തൻ്റെ അമ്മയുടെ മാറിലേക്ക് വീണ് വിങ്ങി പൊട്ടി. കരഞ്ഞാലെങ്കിലും അവൻ്റെ സങ്കടം കുറച്ച് കുറയുമെല്ലൊ എന്ന് കരുതി പൂജ മറുത്തൊന്നും പറഞ്ഞില്ല. കൂടെ അവൻ്റെ തലമുടിയിൽ മെല്ലെ തഴുകി.