“ആദീ, കുടയെവിടെ?” മഴ നനഞ്ഞു കൊണ്ട് പൂജ ചോദിച്ചു.
“കുട കാറിൽ, അമ്മയല്ലേ കാറിൽ കൊണ്ടുപോയി വെയ്ക്കാൻ പറഞ്ഞത്?” അവനും മഴ നനഞ്ഞ് കൊണ്ട് പറഞ്ഞു.
പോയി കാറിൽ നിന്ന് കുട എടുത്ത് വരുംമ്പേഴേക്കും മഴ മുഴുവൻ കൊള്ളും.
“ടാ..നമ്മക്ക് അങ്ങോട്ടിരിക്കാം. വെറുതെ പനി വരുത്തണ്ട.”
തടാകത്തിന് അടുത്ത് ആളുകൾക്ക് ഇരിക്കാൻ കെട്ടിവെച്ച മുള ബെഞ്ച് നോക്കി പൂജ പറഞ്ഞു. അത് കണ്ടതും ആദി ബെഞ്ച് ലക്ഷ്യമാക്കി വേഗത്തിൽ ഓടി. പിന്നാലെ പൂജയും.
ആദി വേഗം ബെഞ്ചിൻ്റെ ഒരറ്റം നോക്കി ഇരുന്നു. പൂജ വേഗം മറ്റൊരു അറ്റത്തേക്ക് നോക്കി ഇരിക്കാൻ ചെന്നു.
“ന്ദേ..ഊര കുത്തി വീഴും, കേട്ടോ. അത് പൊട്ടിയതാ. അതു കൊണ്ടല്ലെ ഇവിടെ ആരും ഇരിക്കാത്തത്. കണ്ടില്ലെ എല്ലാവരും അപ്പറത്ത് പോയി ഇരിക്കണത്?”
പൂജ തങ്ങൾക്ക് കുറച്ചകലെയുള്ള ബഞ്ചിലേക്ക് നോക്കി. “ശരിയാണല്ലോ” അവൾ മനസ്സിൽ പറഞ്ഞു. പിന്നെ തൻ്റെ ബെഞ്ചിലേക്കും.
“ഇരുന്നാൽ ഊര കുത്തി വീഴും, അതുറപ്പാ,” അവൾ അവനെ നോക്കി.
“എടാ സാമദ്രോഹി, അതിനാണല്ലെ നീ സ്പീഡില് ഓടിയത്?”
“യെസ് മാം..” അവൻ ഇച്ചിരി ഗമയിട്ടു.
“ഒന്ന് മാറി താടാ.”
“നോ” അവൻ്റെ മുഖത്ത് ഗമയോട് ഗമ.
“അമ്മ നനയുന്നത് കണ്ടില്ലെടാ. പ്ലീസ്, നിന്നെ ഞാൻ എൻ്റെ മടിയിൽ ഇരുത്താടാ” പൂജ ഒരു മാർഗം നിർദ്ദേശിച്ചു.
“അയ്യടാ, ഞാൻ കുഞ്ഞുവാവയൊന്നും അല്ല മടിയിലിരുത്താൻ. വേണേൽ എൻ്റെ മടിയിൽ ഇരുന്നോ.”
“ഞാൻ അല്ലെ അമ്മ, അപ്പോ നീ എന്റെ മടിയിൽ അല്ലെ ഇരിക്കേണ്ടത്?”