“നീ സിങ്കപൂർ പോയി വരുംമ്പോ എനിക്ക് എന്താ കൊണ്ടരാ?”
“സിങ്കപൂർ ഡോളേഴ്സ് മതിയോ?”
“പോടാ.”
“ഇനി വെക്കേഷൻ കഴിഞ്ഞ് കാണാടാ.”
ദേവിനോട് യാത്ര പറഞ്ഞ് അവൻ ഗെയ്റ്റ് കടന്ന് അകത്തെത്തി. അവൻ്റെ നോട്ടം നേരെ കാർ പോർച്ചിലേക്കാണ് പോയത്. കാർപോർച്ചിൽ ഓഡി കാർ കാണാനില്ല.
“ഇനി എന്നെ കൂട്ടാതെ നാളെത്തെ ട്രിപ്പിന് എല്ലാരും കൂടി ഷോപ്പിങ്ങിന് പോയാ?”
മനസ്സിൽ എന്തൊക്കെയോ ചിന്തകളുമായി അവൻ കോളിംങ് ബെൽ അടിച്ചു. ആദിയുടെ അമ്മ പൂജ വന്ന് വാതിൽ തുറന്നു.
“ഹാവൂ…ഞാൻ കരുതി നിങ്ങളെല്ലാരും എന്നെ കൂട്ടാതെ ഷോപിംങ്ങിന് പോയന്ന്.”
അതിന് മറുപടി ഒന്നും നൽകാതെ പൂജ അടുക്കളയിലേക്ക് പോയി.
തോളത്തെ ബാഗ് ഊരി സോഫയിലേക്ക് വലിച്ചെറിഞ്ഞ് ആദി പൂജയുടെ പിന്നാലെ നടന്നു.
“ന്താ മ്മെ തിന്നാൻ ഉള്ളേ?”
“ഫ്രിഡ്ജിൽ ന്തേലും കാണും..” പൂജ അവന് മുഖം കൊടുക്കാതെ പറഞ്ഞു.
“അച്ഛനും ദീപു ചേട്ടനും എങ്ങോട്ടാമ്മേ പോയത്?”
അടുക്കളയിലെ ഷെൽഫിൽ നിന്ന് ചിപ്സ് എടുത്ത് കൊറിച്ചു കൊണ്ട് ആദി ചോദിച്ചു. അതിനും മറുപടിയായി പൂജ ഒന്നും മിണ്ടിയില്ല. അപ്പോഴാണ് പുറത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം. ആദി വേഗം ചിപ്സ് പാക്കറ്റും കൈയ്യിൽ പിടിച്ച് ഉമ്മറത്തേയ്ക്ക് ഓടി. കാർ പോർച്ചിൽ വണ്ടി നിർത്തിയ രഘുവേട്ടൻ അവനെ നോക്കി ചിരിച്ചു.
“നിൻ്റെ പരീക്ഷ ഒക്കെ കഴിഞ്ഞോടാ?”
അതിന് മറുപടിയായി അവൻ തലയാട്ടി.
അപ്പഴേയ്ക്കും പൂജ അടുക്കളയിൽ നിന്ന് എത്തിയിരുന്നു.