അതിന് മറുപടിയായി പൂജ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു.
“ന്നിട്ട് വേറെ എന്തൊക്കെ കിട്ടി ഡയറിന്ന്, കേൾക്കട്ടെ?”
“വേറെ എന്ത് കിട്ടാൻ. ഞാൻ കുറച്ചേ വായിച്ചുള്ളു” അത് മുഴുവൻ വായിക്കാത്തതിൻ്റെ സങ്കടം അവൻ്റെ മുഖത്തുണ്ടായിരുന്നു.
“നന്നായി” അവൾ കാർ വേഗത്തിൽ പായിച്ചു കെണ്ടേ ഇരുന്നു.
അവിടെയും ഇവിടെയും നിർത്തി അത്യാവശ്യം ചില കാഴ്ചകളൊക്കെ കണ്ട് ബാംഗ്ലൂരിൽ എത്തിയപ്പോഴെക്കും സമയം രാത്രി പതിനൊന്ന് കഴിഞ്ഞു. പിന്നെ ഒരു ഹോട്ടൽ മുറിയ്ക്കുള്ള തിരച്ചിലിലായി. ഒരു പാട് സ്ഥലത്ത് കയറിയിറങ്ങി പൂജയ്ക്ക് ഇംഗ്ലീഷ് നല്ല വശമുള്ളതു കൊണ്ട് ഭാഷ ഒരു ബുദ്ധിമുട്ട് ആയി തോന്നിയില്ല. പക്ഷേ എല്ലാ ഹോട്ടലിൽ നിന്നും ലോഡ്ജിൽ നിന്നും ഒരേ ഉത്തരം മാത്രം.
“സോറി. ഈ മേഖലയിൽ ഗവൺമെന്റ് റൂൾ ഉണ്ട്. രാത്രി പതിനൊന്ന് മണി മുതൽ രാവിലെ ആറ് വരെ പുറത്ത് നിന്ന് വരുന്ന ആർക്കും റൂം കൊടുക്കാൻ പാടില്ലന്ന്. കഴിഞ്ഞ ആഴ്ച നടന്ന സ്ഫോടന പരമ്പരയുടെ ഭാഗമായിട്ടാണ് മാഡം. സോറി.”
പലവിധത്തിലും പൂജ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
“നമ്മള് എന്ത് ചെയ്യും അമ്മാ?”
ആദി പൂജയെ നോക്കി, പൂജ തിരിച്ചും.
“ഇത് ഉണ്ടാവുമ്പോ നമ്മള് എന്തിന് പേടിക്കണം.”
പൂജ അവരുടെ കാറ് നോക്കി പറഞ്ഞു.
“കാറിൽ കിടക്കാനോ?” ആദി നെറ്റി ചുളിച്ചു.
“ങും.”
“നമ്മള് രണ്ട് പേർക്ക് ഒതുങ്ങുവോ?”
“പുറകിലെ സീറ്റിൽ നമ്മക്ക് അങ്ങ് കെടക്കാടാ. ഒരുമ ഉണ്ടെങ്കിൽ ഉലയ്ക്കേമ്‌ലും കിടക്കാന്നല്ലെ.”