“എല്ലാരും പറയും അമ്മേടെ അതെ ഗ്ലാമറാ എനിക്കെന്ന്.”
അതും പറഞ്ഞ് അവൻ പൂജയുടെ മുടി ഒതുക്കി കെട്ടി വെച്ചു. സമയവും ദൂരവും കടന്ന് പോയി കൊണ്ടിരിന്നു. വെയിൽ ഉച്ചിയിലെത്തിയിരിക്കുന്നു. പൂജ ഒരു ഐസ്ക്രീം പാർലറിൻ്റെ മുന്നിൽ നിർത്തി. ഉടനെ ആദി ചാടിയിറങ്ങി.
“ഞാൻ വാങ്ങിച്ചോളാം” അവൻ ഉള്ളിലേക്ക് ഓടി കയറി.
പൂജ ഒന്ന് പുറത്തിറങ്ങി തൻ്റെ നടുവൊന്ന് നിവർത്തി. നേരെത്തെ വാങ്ങിയ മിനറൽ വാട്ടർ കൊണ്ട് മുഖമൊന്ന് കഴുകി. അപ്പോഴെക്കും ആദി വന്നു. ആദി ഒരു കൈ അമ്മയുടെ നേരെ നീട്ടി.
“അമ്മേടെ ഫേവറൈറ്റ് ചോക്കോബാർ.”
“നിനക്ക് എങ്ങനെ അറിയാം?”
“അതൊക്കെ എനിക്കറിയാന്നെ” അവൻ ഗമയോടെ അവന് വാങ്ങിച്ച ഐസ്ക്രീം നുണഞ്ഞ് കൊണ്ട് പറഞ്ഞു.
“ന്നാലും?” പൂജ അവൻ്റെ അരികിലേക്ക് നിന്ന് സംശയം പ്രകടിപ്പിച്ചു.
“അതൊക്കെയുണ്ട്” അവൻ ചെറിയ രഹസ്യ സ്വഭാവത്തിൽ മെല്ലെ പറഞ്ഞു.
“എങ്ങനാടാ?” പൂജ അവൻ്റെ വയറ്റിൽ മെല്ലെ ഇക്കിളി കൂട്ടി.
“ഹാ അമ്മേ..എന്നോട് കളിക്കല്ലെ.”
“ന്നാ പറ, എങ്ങനറിഞ്ഞു?” പൂജ ഇക്കിളിയുടെ ശക്തി കൂട്ടി.
“ഞാൻ..അമ്മേടെ ഡയറി വായിച്ചു,” അതും പറഞ്ഞ് അവൻ ഓടി കാറിൽ കയറി ഇരുന്നു.
“അയ്യേ..നാണമില്ലെടാ ചെക്കാ, ഒരാളുടെ സമ്മതമില്ലാതെ അയാളെ ഡയറി വായിക്കാൻ” ചോക്കോ ബാറിൻ്റെ അവസാനംവരെ കഴിച്ച് കൈയ്യൊന്ന് തുടച്ച് പൂജയും കാറിലേക്ക് കയറി അവനെ കളിയാക്കി.
“അതിന് അന്യരൊന്നും അല്ലല്ലോ, ൻ്റെ അമ്മയല്ലെ.”