ടോണി പ്രതീക്ഷയോടെ അയാളെ നോക്കി…
“ ആദ്യമേ പറയാം… എന്റെ കാര്യമായതു കൊണ്ട് വലിയ പ്രതീക്ഷ ഒന്നും വേണ്ട.. ഒരു പട്ടാളക്കാരന്റെ മനോധൈര്യമൊന്നും ഇപ്പോൾ എന്നിൽ അവശേഷിച്ചിട്ടില്ല… പിന്നെ ഉള്ളത് ഒന്നു മാത്രമാ………. “
അയാൾ ഒന്നു നിർത്തി വട്ടത്തൊപ്പി ഒന്നുകൂടി ശിരസ്സിൽ ഉറപ്പിച്ചു…
“ ഞാൻ എന്തായിരുന്നു എന്ന് ചിലരെയൊക്കെ മനസ്സിലാക്കി കൊടുക്കുക എന്നൊരു ലക്ഷ്യം മാത്രം… അതിന് നിന്നെയോ നിന്റെ സഹോദരിയേയോ കരുവാക്കുകയൊന്നുമല്ല…””
ടോണിയും ഷാഹുലും അയാളെ ശ്രദ്ധിച്ചു തുടങ്ങി…
അയാൾക്ക് ആരോടൊക്കെയോ വാശിയുണ്ട്…
അതൊന്ന് ഊതിക്കത്തിച്ചാൽ ചിലപ്പോൾ……….
പക്ഷേ ഇപ്പോഴും അയാൾ ഒന്നും പറഞ്ഞിട്ടില്ല…
“” സർ കൈ ഒഴിയരുത്………. “
നനഞ്ഞ മിഴികളോടെ ടോണി കൈ കൂപ്പി…
“” ഛെ………..! എന്തായിത്……….?””
അയാൾ അവന്റെ കൈ തട്ടി മാറ്റി…
“ ആണായിപ്പിറന്ന ഒരുത്തൻ യാചിക്കുന്നോടാ………..””
അയാൾ അവന്റെ നെഞ്ചിൽ ചെറുതായി രണ്ടു തട്ടുതട്ടി…
“” പോയത് നിന്റെ സഹോദരിയാ… തിരഞ്ഞു പിടിക്കേണ്ടത് നിന്റെ കടമയാ.. അല്ലാതെ ഇവിടെ വന്നു കിടന്ന് മോങ്ങുകയല്ല വേണ്ടത്………. “
ടോണിയുടെ മുഖം കരയുന്ന ഭാവത്തിലായി…
അവൻ നിറഞ്ഞ മിഴികളോടെ ഷാഹുലിനെ നോക്കി…
കൂട്ടുകാരന്റെ സങ്കടം കണ്ടതും ഷാഹുൽ ഒരടി മുന്നിലേക്ക് വെച്ചു..
“” അറിയാം സാറേ… പെങ്ങളൊരാളെ കാണാതായാൽ ഏതറ്റം വരെയും പോകാനും കണ്ടെടുക്കാനും തയ്യാറായവനും തണ്ടെല്ലുറപ്പുള്ളവനുമാണ് അവൻ… പക്ഷേ സാറിനറിയാത്തൊരു യാഥാർത്ഥ്യമുണ്ട്…. ആ പെങ്ങളെ പഠിപ്പിച്ചു കൂട്ടിയ കണക്കിൽ ലോൺ വാങ്ങിയും പലിശയ്ക്കു പണമെടുത്തും തിരിച്ചടയ്ക്കാൻ വഴിയില്ലാതെ വഴിയാധാരമാകാൻ പോകുന്ന ഒരച്ഛനും അമ്മയും കൂടി ആ വീട്ടിലുണ്ട്…”