സെക്യൂരിറ്റി റൂമിൽ നിന്നും സാമുവേല്‍ അണ്ണൻ പുറത്തേക്ക് വരുമെന്നാ കരുതിയത്. പക്ഷേ വേറെ ഒരു സെക്യൂരിറ്റിയാണ് വന്നത്. പുള്ളി ചേട്ടനെ നോക്കി പുഞ്ചിരിച്ചു.. കൈ പൊക്കി കാണിച്ചു.. ശേഷം ഒരു പച്ച ബട്ടൺ ഞെക്കിയതും ആം ബാരിയർ ഉയർന്നു. ചേട്ടനും അയാള്‍ക്ക് പുഞ്ചിരിയോടെ കൈ പൊക്കി കാണിച്ച ശേഷം നേരെ അകത്തോട്ട് വണ്ടി വിട്ടു.
അകത്തെ പാർക്കിംഗിൽ നിര്‍ത്തിയ ശേഷം ചേട്ടൻ പുഞ്ചിരിയോടെ എന്നെ നോക്കി. “ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം. നി പോയിട്ട് വാ.”
എനിക്ക് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. പക്ഷേ നേരത്തെ എന്നെ അവഗണിച്ച് അര മണിക്കൂര്‍ ഫോണിൽ സംസാരിച്ചതിന്റെ പിണക്കം എനിക്ക് മാറിയിരുന്നില്ല. അതുകൊണ്ട് ഞാൻ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.
പെട്ടന്ന് ചേട്ടന്റെ പുഞ്ചിരി മങ്ങി നല്ല സങ്കടം വന്നത് ഞാൻ ശ്രദ്ധിച്ചു. അതുകണ്ട് എനിക്കും വിഷമം തോന്നി.
ഞാൻ വേഗം ചേട്ടന്റെ സൈഡിൽ ചെന്നു. ചേട്ടൻ ഉടനെ വിൻഡോ താഴ്ത്തി. ഞാൻ പെട്ടന്ന് കൈ വണ്ടിക്കകത്തിട്ട് ചേട്ടന്റെ ചെവിക്ക് പിടിച്ചു തിരുമ്മീട്ട് വിട്ടു. “ബാക്കി ഞാൻ വന്നിട്ട് തരാം.”
“ആ… എടി.. ഞാൻ എന്തു തെറ്റാ ചെയ്തത്…” ചേട്ടൻ അന്തംവിട്ടു ചോദിച്ചു.
പാവം ചേട്ടൻ. ഒന്നും മനസ്സിലാവാതെ അന്തംവിട്ട് ചോദിച്ചതും ഞാൻ ചിരിച്ചുപോയി. ചേട്ടനും ചിരിച്ചെങ്കിലും ചിന്താകുഴപ്പത്തോടെ ചേട്ടൻ തല ചൊറിഞ്ഞപ്പോ ഞാൻ ചേട്ടന്റെ കവിളിൽ നല്ലോരു പിച്ച് കൊടുത്തിട്ട് വേഗം ഓഫീസ് ലക്ഷ്യമാക്കി നടന്നു.