പുറത്ത് മഞ്ഞ് കുറവായിരുന്നു… ഭേദപ്പെട്ട തണുപ്പും. അതുകൊണ്ട് സ്വെറ്റർ ഒന്നും ഞങ്ങൾ ഇട്ടിരുന്നില്ല.
സ്ഥലം എത്താന്‍ വെറും ഒരു മിനിറ്റ് ബാക്കി ഉള്ളപ്പോഴാ ഫോണിലൂടെ ആ മണ്ണാങ്കട്ട ബിസിനസ്സ് നടത്തിപ്പൊക്കെ അവസാനിപ്പിച്ചത്….
“എടി നീയെന്താ മുഖം വീർപ്പിച്ചിരിക്കുന്നെ..?” ചേട്ടൻ ചോദിച്ചു. പക്ഷേ ചേട്ടനെ ഞാൻ മൈന്റ് പോലും ചെയ്തില്ല.
എന്റെ ദേഷ്യം എന്തിനാണെന്ന് മനസ്സിലാവാതെ ചേട്ടൻ തല ചൊറിയുന്നത് കണ്ടപ്പോ ചിരി വന്നെങ്കിലും ഞാൻ മുഖം സീരിയസ്സാക്കി തന്നെ ഇരുന്നു.
ഇടക്കിടക്ക് ചേട്ടൻ വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കുന്നത് കൺ കോണിലൂടെ ഞാൻ കാണുകയായിരുന്നു. ഹും… ഇപ്പോഴെങ്കിലും ഞാൻ ഏതു ഡ്രെസ്സാണ് ഇട്ടിരിക്കുന്നതെന്ന് കണ്ടല്ലോ..!! എന്റെ മനസ്സ് അല്‍പ്പം തണുത്തെങ്കിലും സങ്കടവും ദേഷ്യവും എനിക്ക് മാറിയിട്ടൊന്നുമില്ല.
ചേട്ടൻ വിസിറ്റർസ് പാർക്കിംഗിൽ നിര്‍ത്താതെ നേരെ തുറന്നു കിടക്കുന്ന ഗെയ്റ്റിനകത്ത് കേറി സെക്യൂരിറ്റി ആം ബാരിയർ മുന്നില്‍ നിര്‍ത്തിയപ്പം ആശ്ചര്യത്തോടെ ഞാൻ ചേട്ടനെ നോക്കി.
“ഇവിടെ പുറത്തു നിന്നും 25 മിനിറ്റ് എങ്കിലും നിനക്ക് നടക്കണ്ടേ… അതുകൊണ്ട് അകത്തുള്ള പാർക്കിംഗിൽ ഞാൻ കൊണ്ടുവിടാം.” ചേട്ടൻ കണ്ണു ചിമ്മി കാണിച്ചു.
ചേട്ടൻ കണ്ണുകൾ ചിമ്മി കാണിച്ചതും എന്റെ മനസ്സ് പെട്ടന്ന് സോഫ്റ്റ് ആയി. ആ കണ്ണുകളില്‍ ചുംബിക്കാൻ കൊതിയുണ്ടായി. പക്ഷേ എന്നിട്ടും ചേട്ടനെ ഞാൻ മൈന്റ് ചെയ്യാതെ ഇരുന്നു.