ഞാൻ തലയാട്ടിയതും അവർ രണ്ടുപേരും ഞങ്ങൾക്ക് ഒരു പുഞ്ചിരി തന്നിട്ട് പോയി.
“ഡാലിയ..!!”
“തല വേദനിക്കുന്നു, ചേട്ടാ. എനിക്ക് കിടക്കണം..” കുഴഞ്ഞ സ്വരത്തില്‍ അവൾ പറഞ്ഞു.
ഞാൻ അവളുടെ റൂമിലേക്ക് അവളെ നയിക്കാന്‍ തുടങ്ങിയത് അറിഞ്ഞ് ഡാലിയ ബലം പിടിച്ച് അവിടെ തന്നെ നിന്നു. “അവിടെ ഞാൻ ഒറ്റക്ക് കിടക്കില്ല… ചേട്ടന്റെ റൂമിൽ പോകാം.”
ഞാൻ ഒന്നും മിണ്ടാതെ അവളെ എന്റെ റൂമിൽ കൂട്ടിക്കൊണ്ടു പോയി ബെഡ്ഡിൽ ഇരുത്തി. ഉടനെ അവള്‍ നടക്കാൻ അറിയാത്ത പൂച്ച കുഞ്ഞിനെ പോലെ നാലു കാലില്‍ എങ്ങനെയോ ബെഡ്ഡിൽ നടന്ന് ബെഡ്ഡിന്റെ നടുക്ക് കേറി കിടന്നു.
അവൾ അങ്ങനെ നടന്നത് കണ്ടതും എനിക്ക് ചിരി പൊട്ടി. ഞാൻ ചിരിക്കുന്നതും നോക്കി നിഷ്കളങ്കയായി ഡാലിയ വെറുതെ കിടന്നു.
അവളുടെ ആ നിഷ്കളങ്ക ഭാവം കണ്ടതും എനിക്ക് അവളുടെ അടുത്തു കിടന്ന് അവളെ എന്നോട് ചേര്‍ത്തു പിടിക്കാന്‍ തോന്നി. അവളുടെ പുഞ്ചിരിക്കുന്ന ചുണ്ടില്‍ ചുംബിക്കാൻ കൊതി വന്നതും ഞാൻ വേഗം തല കുലുക്കി ആ ചിന്ത കളഞ്ഞു.
എന്താണ് ഞാൻ ചിന്തിക്കുന്നത്..!? വൈൻ കുടിച്ച് ഞാനും കിറുങ്ങിയാണോ ഇരിക്കുന്നത്..!? ഞാൻ ധൃതിയില്‍ റൂമിന് പുറത്തേക്ക് നടന്നു.
“ചേട്ടൻ എവിടെ പോകുവാ…?” ഡാലിയയുടെ പിണക്കം മുറ്റിയ ശബ്ദം കേട്ടതും ഞാൻ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.
“പുറത്തെ വാതിൽ അടച്ചിട്ട് ലൈറ്റ് എല്ലാം ഓഫാക്കീട്ട് വരാം.” ഞാൻ പറഞ്ഞു. ഉടനെ പിണക്കം മാറി അവളുടെ മുഖം തെളിഞ്ഞു.