അപ്പോഴാണ് മേശപ്പുറത്തു വച്ചിരുന്ന കുപ്പി ഞാൻ ശ്രദ്ധിച്ചത്. കുപ്പിയിൽ ബ്രാൻഡ് സിറ്റിക്കർ ഇല്ലായിരുന്നു. ഹോം മേഡ് വൈൻ ആണെന്ന് മനസ്സിലായി.
അവന്റെ ചില രഹസ്യങ്ങള്‍ എനിക്കറിയാം എന്നപോലെ അരുളിനെ ഞാനൊന്ന് ഇരുത്തി നോക്കി. അതുവരെ എന്നെ തന്നെ നോക്കി കൊണ്ടിരുന്നവൻ അല്‍പ്പം അസ്വസ്ഥതയോടെ നോട്ടം പിന്‍വലിച്ച് മേശപ്പുറത്തു നിരത്തിയിരുന്ന ഭക്ഷണങ്ങളിലാക്കി.
അരുളിന് അവന്റെ പരിചയത്തിലുള്ള ഒരു ഇളം വിധവയുണ്ട്. അരുളിന്റെ അതേ പ്രായം. കുട്ടികൾ ഒന്നും അവള്‍ക്കില്ല. അവളും, പിന്നെ അവളുടെ നേതൃത്വത്തിലുള്ള അവളുടെ ബന്ധുക്കളും ചേര്‍ന്നാണ് ഏതു തരം കേക്കുകളും, പല വ്യത്യസ്തമായ ബേക്കറി ഐറ്റംസും, ലഹരി ഉള്ളതും ഇല്ലാത്തതുമായ വൈനുകളും, തുടങ്ങി മറ്റനേകം ഐറ്റംസും സ്വന്തം വീട്ടില്‍ തന്നെ ഉണ്ടാക്കുന്നത്. കുന്നൂരിൽ നിന്നും മാത്രമല്ല, അടുത്തുള്ള മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള ബേക്കറി നടത്തിപ്പുക്കാർ പോലും അവിടെയാണ് ഡെയ്ലി ഓര്‍ഡര്‍ കൊടുത്ത് വേണ്ടതൊക്കെ വാങ്ങിക്കുന്നത്. കൂടാതെ ഒരുപാട് കല്യാണ വീടുകളില്‍ നിന്നും, വിശേഷ വീടുകളില്‍ നിന്നുമൊക്കെ ഓര്‍ഡര്‍ ചെല്ലുന്നതും അവിടെയാണ്.
അരുള്‍ വല്ലപ്പോഴുമൊക്കെ ഒരു കുപ്പി ലഹരി വൈനുമായി എന്റെ കോട്ടേജിലേക്ക് വരാറുണ്ട്. ഞാനും അവനും മാത്രമേ കുടിക്കു.. അല്ലി കുടിക്കില്ല.
പിന്നേ അരുള്‍ എന്നോട് പറഞ്ഞിട്ടില്ലെങ്കിലും.. ആ വിധവ പെണ്ണുമായി അരുള്‍ അടുപ്പത്തിലാണെന്ന് എനിക്കറിയാം. ഞാൻ അവനോട് അതിനെ കുറിച്ചൊന്നും ചോദിച്ചിട്ടില്ല. അവന് എന്നോട് പറയാന്‍ താല്‍പര്യം ഉണ്ടെങ്കിൽ പറയട്ടെ എന്നു കരുതി വിട്ടു. അവനും അവളുമായുള്ള ബന്ധം എനിക്കറിയില്ല എന്നാണ് അവന്റെ വിചാരം.