മൂന്ന് മുഖങ്ങളും വളരെ സന്തോഷത്തില്‍ ജ്വലിച്ചു. വലിയ ചിരിയും മുഖത്ത് കാണാം.
“ഞാൻ ഇന്റര്‍വ്യൂ പാസായി… ഞാൻ സെലക്ട് ആയി, ചേട്ടാ…” ഡാലിയ സന്തോഷത്തോടെ വിളിച്ചു കൂവിക്കൊണ്ട് ബെഡ്ഡിൽ തുള്ളിച്ചാടി.
“ആഹാ… ഇതു ശെരിക്കും ഗുഡ് ന്യൂസ് തന്നെയാ.” സന്തോഷത്തോടെ ഞാൻ പറഞ്ഞു.
“നാളെ ഒന്‍പത് മണിക്ക് അവരുടെ ഓഫീസിൽ ചെന്ന് എഗ്രിമെന്റ് സൈന്‍ ചെയ്യണം എന്നാ വിളിച്ചു പറഞ്ഞത്.” ബെഡ്ഡിൽ സന്തോഷത്തോടെ തുള്ളിച്ചാടി കൊണ്ടാണ് ഡാലിയ പിന്നെയും വിളിച്ചു കൂവിയത്. എന്നിട്ട് ബെഡ്ഡിൽ നിന്നുകൊണ്ട് തന്നെ സന്തോഷത്തില്‍ അല്ലിയെ പിടിച്ചുകൊണ്ട് ഡാൻസും ചെയ്യാൻ തുടങ്ങി.
ഞാനും അരുളും ചിരിച്ചുകൊണ്ട് അവരുടെ ഡാൻസ് നോക്കി നിന്നു.
എനിക്കും ഭയങ്കര സന്തോഷം തോന്നി. ഇനി എന്നും ഡാലിയയെ കാണാമല്ലോ… എന്നും ചെന്ന് അവളോട് നേരിട്ട് സംസാരിക്കാനും കഴി—
പെട്ടന്ന് ഉള്ളില്‍ ഞാൻ വിറച്ചു പോയി. എന്തൊക്കെയാ ഞാൻ ചിന്തിച്ചത്…? എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എത്രത്തോളമാണ് ഡാലിയ എന്റെ മനസ്സിൽ പതിഞ്ഞു പോയിരിക്കുന്നത്..? എങ്ങനെയാണ് ഇത്രത്തോളം അവളെ എന്റെ മനസ്സിൽ ഞാൻ ഏറ്റിയത്..?! എനിക്ക് ഒന്നും മനസ്സിലായില്ല.
അന്നേരം ഞാൻ കണ്ട സ്വപ്നം മനസ്സിൽ തെളിഞ്ഞു വന്നു. ശെരിക്കും അത് വെറും സ്വപ്നം ആയിരുന്നില്ല.. അവൾ കോളേജിൽ കേറി ഒരാഴ്ച കഴിഞ്ഞ് എന്നോട് പറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു കുറച്ചു മുമ്പ് സ്വപ്നമായി വന്നത്.
എന്റെ മനസ്സ് ചെറുതായി നീറി. ഡെയ്സി പറഞ്ഞത് ശെരിയാണോ..? എന്റെ ഉള്ളിന്റെയുള്ളിൽ പണ്ടു തൊട്ടേ ഡാലിയ ഉണ്ടായിരുന്നോ…? എനിക്ക് ഒന്നും മനസ്സിലായില്ല. അങ്ങനെ ആവാന്‍ സാധ്യതയില്ല…!! എന്റെ മനസ്സ് നീറി പുകഞ്ഞു.