“ഞാൻ പറഞ്ഞത്— മ്മ്മ്മ്……”
“മതി നിന്റെ കണ്ടുപിടിത്തം…” ചിരിച്ചു കൊണ്ട് അവളുടെ ചുണ്ട് രണ്ടും ഞാൻ നുള്ളി പിടിച്ചതും അവളുടെ വാക്കുകൾ ഒന്നും പുറത്തേക്ക് വന്നില്ല.
ഉടനെ എന്നെ സങ്കടത്തോടെ നോക്കീട്ട് ഡെയ്സി അപ്രത്യക്ഷയായി.
“ഡെയ്സി….” ഞാൻ അലറി വിളിച്ചു.
“ചേട്ടാ….. എണീക്ക് ചേട്ടാ…”
ഡാലിയയുടെ ഭയങ്കര ഉത്സാഹത്തോടെ ഉള്ള വിളിയും.., എന്റെ ബെഡ്ഡിൽ ചാടി കേറി എന്റെ തല പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും കുലുക്കി ഉരുട്ടിയും…, ദോശ മറിച്ചിടുന്ന പോലെ എന്നെ അവള്‍ തിരിച്ചും മറിച്ചും ഇട്ടുരുട്ടി എന്നെ ഒരു വഴിക്ക് ആക്കിയപ്പോ എന്റെ സ്വപ്നം മുറിഞ്ഞ് ഞാൻ ഞെട്ടി ഉണര്‍ന്നു.
എന്റെ തലച്ചോറ് തലയ്ക്കകത്ത് പന്ത് പോലെ ഉരുണ്ടത്ത് പോലെയാണ് അനുഭവപ്പെട്ടത്…, എനിക്ക് തലയും കറങ്ങി.
“ഈശ്വരാ… എന്റെ തലച്ചോറ് പോലും അകത്തു കിടന്ന് കുലുഞ്ഞുന്നു…” തലയുടെ ഇരു വശത്തും അമർത്തി പിടിച്ചുകൊണ്ട് ഞാൻ പോത്ത് പോലെ അമറി.
പൊട്ടിച്ചിരിച്ചു കൊണ്ട് അവള്‍ പിന്നെയും എന്റെ തല പിടിച്ചുരുട്ടി. “എണീക്ക് ചേട്ടാ….”
“ഈശ്വരാ… ഈ പെണ്ണ് എന്റെ തല ഊരിയെടുത്ത് എന്റെ കൈയിൽ തരുമെന്നാ തോന്നുന്നത്.” ഞാൻ കരഞ്ഞു.
അതുകേട്ട് പിന്നെയും അവള്‍ പൊട്ടിച്ചിരിച്ചു.
“എണീക്ക് ചേട്ടാ… പ്ലീസ്…”
“എടി കുഞ്ഞാടേ… വേഗം ഓടി ഒളിച്ചോ.. ഇല്ലെങ്കില്‍ നിന്നെ ഞാൻ കടിച്ചു തിന്നും…” കണ്ണ് തുറക്കാതെ സിംഹത്തെ പോലെ ഉച്ചത്തില്‍ ഞാൻ ഗര്‍ജ്ജിച്ചു. എന്നിട്ട് ഞാൻ അങ്ങോട്ട് തിരിഞ്ഞു കിടന്നു.