ഈ കുസൃതി ചേട്ടനെ കാണുമ്പോ തന്നെ സങ്കടം എല്ലാം മറന്നുപോകുന്നു. മനസ്സില്‍ ഞാൻ ചിരിച്ചു.
ഞങ്ങൾ പുറത്തിറങ്ങി. നല്ല മഞ്ഞ് മൂടി കിടന്നു. തണുപ്പ് കാരണം വേഗം ചെന്ന് വണ്ടിയില്‍ കേറി. എന്നിട്ട് ചേട്ടൻ വണ്ടി എടുത്തു.
“ഇന്ന് നിന്നെ എല്ലാ ഇടവും ചുറ്റി കാണിക്കണം എന്നു തന്നെയാ കരുതിയത്..” ചേട്ടൻ പറഞ്ഞു. “പക്ഷേ ഇന്ന് മഞ്ഞ് കൂടുതലാണ്.. ഒന്നും വ്യക്തമായി കണ്ടു ആസ്വദിക്കാൻ കഴിയില്ല.”
“അത് സാരമില്ല ചേട്ടാ.” ഞാൻ പറഞ്ഞു.
“പന്ത്രണ്ട് മണി കഴിഞ്ഞല്ലോ, നമുക്ക് ഹോട്ടലിൽ നിന്ന് ഫുഡ് കഴിച്ചിട്ട് പോകാം.”
ഞാൻ മൂടല്‍ മഞ്ഞിനെ നോക്കി മൂളി.
ചേട്ടൻ ഒരു ഹോട്ടലിന് മുന്നില്‍ നിര്‍ത്തി. ഞങ്ങൾ ഫുഡ് കഴിച്ചിട്ട് വീട്ടിലേക്ക് തിരിച്ചു.
“നിനക്ക് എന്തുപറ്റി?” വണ്ടി വീട്ട് മുറ്റത്ത് നിര്‍ത്തി വീട് തുറന്ന് അകത്ത് കേറിയതും ചേട്ടൻ ചോദിച്ചു.
“ഒന്നുമില്ലല്ലോ… അതെന്താ അങ്ങനെ ചോദിച്ചേ?”
“നിന്റെ ശ്രദ്ധ ഒന്നും ഇവിടെ ഇല്ലല്ലോ…?! ഗാഢമായി എന്തോ നി ചിന്തിച്ചു കൊണ്ടിരിക്കുന്നു..”
“അതുപിന്നെ സാമുവേല്‍ അണ്ണനും മല്ലിക ചേച്ചിയും എന്നോട് അവരുടെയും കുഞ്ഞമ്മയെ കുറിച്ചുള്ള സംഭവങ്ങളും പറഞ്ഞായിരുന്നു. ചേട്ടൻ ഒരു രാത്രി സാമുവേല്‍ അണ്ണന്റെ വീട്ടില്‍ ചെന്ന ഭാഗം എത്തിയപ്പോ ചേട്ടൻ വരികയും ചെയ്തു… ബാക്കി അറിയാനും കഴിഞ്ഞില്ല. പിന്നീട് എന്താ സംഭവിച്ചത്?”
ഉടനെ ചേട്ടൻ പുഞ്ചിരിച്ചു. “അതിനെ കുറിച്ച് പിന്നേ എപ്പോഴെങ്കിലും നമുക്ക് സംസാരിക്കാം. ഇപ്പൊ എനിക്ക് കിടന്നാൽ കൊള്ളാം എന്നുണ്ട്.” ക്ഷീണത്തോടെ ചേട്ടൻ കണ്ണുകൾ തിരുമ്മി.