അന്നേരം പെട്ടന്ന് വാതിലിൽ ആരോ മുട്ടുന്നത് കേട്ട് സാമുവേല്‍ അണ്ണൻ ഉടനെ നിശബ്ദനായി. ഞങ്ങൾ മൂന്നുപേരും പരസ്പ്പരം നോക്കി.
“ഇത് റൂബിന്‍ തന്നെ…” അണ്ണൻ ഡോറിനെ നോക്കി പൊട്ടിച്ചിരിച്ചു.
“അവനെ കുറിച്ച് അത്താൻ വായ് തുറന്നില്ല, അപ്പോഴേക്കും അവന്‍ ഇവിടെ എത്തിക്കഴിഞ്ഞു.” ചേച്ചി പുഞ്ചിരിച്ചു.
എന്റെ ചുണ്ടിലും പെട്ടന്ന് ചിരി വിടര്‍ന്നു. ഉള്ളിൽ സന്തോഷം നിറഞ്ഞു. ഞാൻ എഴുനേറ്റ് ഓടി. വേഗം വാതില്‍ തുറന്നു നോക്കി.
“ഹോ.. എന്തു തണുപ്പ്…!!” റൂബി ചേട്ടൻ വേഗം അകത്തു കേറി വാതിൽ അടച്ചു. എന്നിട്ട് ഞങ്ങൾ മൂന്ന് പേരെയും നോക്കി പുഞ്ചിരിച്ചു.
ചേട്ടന്റെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു. കിടന്നതും ഉറങ്ങും എന്നപോലെ കണ്ണുകളിൽ ഭാരം കണ്ടു.
ഞാൻ ചേട്ടനെ സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ട് ചേട്ടൻ പിന്നെയും പുഞ്ചിരിച്ചു. ചേട്ടന്റെ ആ പുഞ്ചിരിയെ എന്റെ ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുക്കാൻ ഞാൻ കൊതിച്ചു.
“വാ, വന്നിരിക്ക് റൂബി.” മല്ലിക ചേച്ചി ക്ഷണിച്ചു.
“ആ ഫ്ലാസ്ക്കിൽ ചായ ഉണ്ടോ മല്ലി ചേച്ചി?” ചേട്ടൻ ചോദിച്ചു കൊണ്ട് അങ്ങോട്ട് നടന്നതും ഞാനും കൂടെ ചെന്നു.
“ചായ തീര്‍ന്നു. നി ഇരിക്ക് ഞാൻ ചായ ഇപ്പൊ റെഡിയാക്കാം.” ചേച്ചി വേഗം എഴുനേറ്റ് അടുക്കളയില്‍ പോകാൻ തുടങ്ങി.
“വേണ്ട ചേച്ചി. ചായ ഒന്നും ഉണ്ടാക്കേണ്ട. ഞങ്ങൾ ഇപ്പൊ പോകും. എനിക്ക് വല്ലാത്ത ക്ഷീണം… എനിക്ക് നന്നായൊന്ന് ഉറങ്ങണം…” ചേട്ടൻ അണ്ണനേയും ചേച്ചിയേയും നോക്കി പറഞ്ഞു.