“എന്നിട്ട് പോലീസ് കുഞ്ഞമ്മയും ഗ്യാങ്ങിനേയും അറസ്റ്റ് ചെയ്തോ?” ഞാൻ തിടുക്കപ്പെട്ട് ഇടയ്ക്ക് കേറി ചോദിച്ചു.
“നാല് ദിവസം കഴിഞ്ഞ് പോലീസ് എന്നെ കാണാന്‍ ആശുപത്രിയിൽ വന്നായിരുന്നു.” ചേച്ചി വെറുപ്പോടെ പറഞ്ഞു. “കുഞ്ഞമ്മയുടെ കുടുംബത്തെ അവർ ചെന്നു കണ്ടു എന്നും… അവിടെ അവരുടെ വീടും സ്ഥാപനങ്ങളും എല്ലാം അവർ റൈഡും നടത്തിയെന്ന് പറഞ്ഞു… പക്ഷേ നിയമവിരുദ്ധമായ ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് എന്നെ അറിയിച്ചത്.. പിന്നെ അവരെ ഞാൻ ഫൂളാക്കി എന്നും പറഞ്ഞ് എനിക്ക് താക്കീതും തന്നു. ഒന്നുകില്‍ പോലിസും അവര്‍ക്ക് കൂട്ട് നില്‍ക്കുന്നു, അല്ലെങ്കിൽ രക്ഷപ്പെട്ട ഗുണ്ടകള്‍ ചെന്ന് അലർട്ട് ചെയ്തത് കൊണ്ട് അവർ എല്ലാം സേഫാക്കി മാറ്റി.” പറഞ്ഞിട്ട് ചേച്ചി ഒന്ന് ശ്വാസം എടുത്തു.
“പിന്നേ എന്തു സംഭവിച്ചു?” അടുത്ത് എന്തു സംഭവിച്ചു എന്നറിയാന്‍ എനിക്ക് ആകാംഷയായി.
“ഇദ്ദേഹത്തിന് പല ഭാഗത്തായി പതിനെട്ട് എല്ലുകള്‍ പൊട്ടിയിട്ടുണ്ടായിരുന്നു. ഡസന്‍ കണക്കിന് ആഴത്തിലുള്ള കത്തി കീറലുകൾ. വാള്‍ കൊണ്ടുള്ള നാല് ഗുരുതരമായ വെട്ടുകൾ. തലയിലും ആഴത്തിലുള്ള വെട്ട്. തലയില്‍ കുറെ പൊട്ടലും. പിന്നെ ഒരുപാട് സ്ഥലത്ത് ചതവും മുറിവുകളും. ഉള്ളില്‍ ഒരുപാട് ബ്ലീഡിംഗ്. എല്ലാം കണ്ടിട്ട് ആള്‍ രക്ഷപ്പെട്ടത് തന്നെ അല്‍ഭുതമെന്ന് ഡോക്റ്റര്‍ പറഞ്ഞു. നാലു മാസം ആശുപത്രിയിൽ ഉണ്ടായിരുന്നു. പിന്നെ ഡിസ്ചാര്‍ജ് ചെയ്തെങ്കിലും, ശരീരത്തിന്റെ പ്രവർത്തനങ്ങളും, ആരോഗ്യവും പൂര്‍വ്വസ്ഥിതിയിൽ ആവാൻ വർഷങ്ങൾ വേണ്ടിവരുമെന്ന് പറഞ്ഞു. കുറച്ചു വര്‍ഷത്തേക്ക് ഹെവിയായ ജോലികള്‍ ചെയ്യരുതെന്നും പറഞ്ഞു. ഡിസ്ചാര്‍ജ് ആയതും ഞങ്ങൾ കോയമ്പത്തൂര്‍ക്കാണ് പോയത്.”