അത്രയും പറഞ്ഞിട്ട് അണ്ണൻ കുസൃതിയോടെ ചേച്ചിയെ നോക്കി കണ്ണിറുക്കി. പക്ഷേ ചേച്ചി അപ്പോഴും സങ്കടപ്പെട്ടാണ് ഇരുന്നത്.
“അപ്പോഴേക്കും ഗുണ്ടകള്‍ ഞാൻ താമസിച്ചിരുന്ന വീട്ടില്‍ എത്തിക്കഴിഞ്ഞിരുന്നു.” അണ്ണൻ പെട്ടന്ന് സീരിയസ്സായി പറഞ്ഞു. “മല്ലികയോട് ഞാൻ ഓടി രക്ഷപ്പെടാന്‍ പറഞ്ഞു. അവളും എങ്ങോട്ടോ ഓടി. ഗുണ്ടകള്‍ക്ക് എന്നെ മാത്രം മതിയായിരുന്നു, അതുകൊണ്ട് ആരും മല്ലികയെ പിന്തുടർന്നില്ല. അവർ എന്നെ ആക്രമിച്ചു. ഞാനും എന്റെ അരയില്‍ മറച്ചു വച്ചിരുന്ന ആയുധങ്ങളെ സാഹചര്യം അനുസരിച്ച് ഉപയോഗിച്ച് പ്രത്യാക്രമണം നടത്തി. പക്ഷേ പതിനഞ്ചു ഗുണ്ടകളെ എനിക്ക് തോല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാലും ഒന്‍പത് പേരെ ഗുരുതരമായ അവസ്ഥയില്‍ ഞാൻ എത്തിച്ചു വീഴ്ത്തി. അപ്പോഴേക്കും എനിക്ക് ഒരുപാട് വെട്ടും കുത്തും എല്ലാം കിട്ടിയിരുന്നു. എല്ലുകള്‍ കുറെ ഒടിഞ്ഞു. ഒടുവില്‍ എന്റെ തലയ്ക്കേറ്റ വെട്ടിൽ എല്ലാം അവസാനിച്ചു. അവസാനമായി എന്റെ കണ്ണുകൾ അടയുമ്പോ ഡസന്‍ കണക്കിന് ആളുകൾ ഓടി കൂടുന്നത് കണ്ടു. ജനക്കൂട്ടം ഓടി വരുന്നത് കണ്ടതും ശേഷിച്ച ആറ് ഗുണ്ടകള്‍ ഓടി രക്ഷപ്പെടുന്നതും കണ്ടു.” അണ്ണൻ പറഞ്ഞു നിര്‍ത്തിയിട്ട് വേദനയോടെ ഇരുന്നു.
“പിന്നേ എന്തു സംഭവിച്ചു?” ആകാംഷയോടെ ഞാൻ ചോദിച്ചു.
അപ്പോ മല്ലിക ചേച്ചിയാണ് തുടര്‍ന്നത്—,
“അത്താൻ എന്നോട് ഓടി രക്ഷപ്പെടാന്‍ പറഞ്ഞപ്പോ ഞാൻ ഓടിച്ചെന്ന് ആളുകളെ വിളിച്ചു കൂട്ടുകയാണ് ചെയ്തത്. ആളുകളെ വിളിച്ചുകൂട്ടി ഓടി എത്തിയപ്പോ ഒന്‍പത് ഗുണ്ടകള്‍ ചത്തത് പോലെ നിലത്ത് കിടപ്പുണ്ടായിരുന്നു…. ഞങ്ങളെ കണ്ടതും ആറു പേര്‍ ഓടി രക്ഷപ്പെട്ടു. അന്നേരം പൊലീസും അവിടെ എത്തി. പോലിസാണ് ആംബുലന്‍സ് വിളിച്ചത്. അത്താൻ മരിച്ചു എന്നാണ് ഞാൻ കരുതിയത്. പക്ഷേ ജീവൻ ഉണ്ടെന്ന് പോലിസ് പറഞ്ഞു. നീലഗിരി ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എന്നെയും കൊണ്ടാണ് പോയത്. പോലിസ് അവിടെ വച്ച് മൊഴിയെടുത്തു. ഞാൻ കുഞ്ഞമ്മയെ കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചും പോലിസിനെ അറിയിച്ചു. അവർ സംശയത്തോടെ എന്നെ നോക്കിയ ശേഷം പോലിസ് പോയി. ഞാൻ ഇദ്ദേഹത്തിന്റെ ബന്ധുക്കളെ വിളിച്ചറിയിച്ചു. അവർ വന്നപ്പോ അവരോടും എല്ലാം ഞാൻ തുറന്നു പറഞ്ഞു. അതിനുശേഷം അവരുടെ സംരക്ഷണത്തിൽ ആയിരുന്നു ഞാൻ. എന്നും ഞാൻ ആശുപത്രയില്‍ പോകുമായിരുന്നു.”