എല്ലാം കേട്ട് ഞാൻ സ്തംഭിച്ചിരുന്നു.
“സാമുവേല്‍ അണ്ണാ… നിങ്ങൾ പഞ്ചാബിൽ ചെന്ന് ലീവ് നീട്ടി വാങ്ങിയ ശേഷം നീലഗിരിയിൽ വന്ന് എല്ലാം കണ്ടുപിടിച്ചിട്ട് നിങ്ങൾ എന്താണ് ചെയ്തത്?” ഞാൻ ചോദിച്ചു.
“സത്യത്തിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഞാൻ ഇങ്ങനെ രഹസ്യമായി എല്ലാം അന്വേഷിക്കുന്നു എന്ന് കുഞ്ഞമ്മയും കുടുംബവും എങ്ങനെയോ അറിഞ്ഞു. ഞാൻ എവിടെയാണ് താമസിക്കുന്നതെന്നും അവർ രഹസ്യമായി കണ്ടെത്തി. എന്നെ കൊല്ലാന്‍ അവർ പ്ലാൻ ചെയ്തു. സ്വന്തം ഗുണ്ടകളിൽ നിന്നും പതിനഞ്ചു ഗുണ്ടകളെ അവർ പറഞ്ഞുവിട്ടു.”
“പതിനഞ്ചു ഗുണ്ടകളോ..” ഞാൻ അന്തം വിട്ടു. സാമുവേല്‍ അണ്ണൻ ചിരിച്ചു.
“ഞാൻ സാധാരണക്കാരൻ ഒന്നുമല്ല, ഡാലിയ. ചിലമ്പം എന്ന കലയെ ഞാൻ അരച്ചു കുടിച്ച വ്യക്തിയാണ്. പല ആയുധങ്ങള്‍ ഉപയോഗിച്ച് ഫൈറ്റ് ചെയ്യുന്നതിലും ഞാൻ വല്ലഭനാണ്.”
അത്രയും പറഞ്ഞിട്ട് അണ്ണൻ താഴെ ഷർട്ടിനെ പിടിച്ച് അല്‍പ്പമൊന്ന് ഉയർത്തി കാണിച്ചു. വീതിയുള്ള ഒരു അരപ്പട്ട ഇടുപ്പിൽ ബെല്‍റ്റ് പോലെ കണ്ടു. അതിൽ ഒരു ചമ്മട്ടിയും, എനിക്ക് പേര് അറിയാതെ കുറെ ആയുധങ്ങളും എളുപ്പത്തില്‍ കാണാന്‍ കഴിയാത്ത വിധം അരപ്പട്ടയിൽ സെറ്റ് ചെയ്തു വച്ചിരുന്നു. ഞാൻ അതൊക്കെ മിഴിച്ചു നോക്കി ഇരുന്നു.
“ഏതു നേരത്തും എന്റെ പക്കല്‍ മാനിന്റെ കൊമ്പുകള്‍ കൊണ്ട് ഉണ്ടാക്കിയ ആയുധങ്ങളും മടക്ക് കത്തികളും, ചമ്മട്ടിയും, മറ്റ് ചില ആയുധങ്ങളും ഉണ്ടാവും. പിന്നെ മിലിട്ടറി ട്രെയിനിംഗ് വേറെയും. എല്ലാം കൊണ്ടും എന്നെ നിസ്സാരമായി എന്തെങ്കിലും ചെയ്യാൻ കഴിയില്ലെന്ന് കുഞ്ഞമയ്ക്ക് നല്ലതുപോലെ അറിയാമായിരുന്നു.”