അന്നേരം ചേച്ചി ഒരു ഫ്ലാസ്ക്കും മൂന്ന് കുപ്പി ഗ്ലാസ്സുമായി വന്നപ്പോ അണ്ണൻ കഥ നിർത്തി. ചേച്ചി അണ്ണന്റെ അടുത്തുള്ള കസേരയില്‍ ഇരുന്നുകൊണ്ട് മൂന്ന് ഗ്ളാസിലും ചായ ഒഴിച്ച് ഞങ്ങള്‍ക്കും തന്ന് ചേച്ചിയും എടുത്തു. ചായ കുടിച്ചു തീരും വരെ അണ്ണൻ മിണ്ടിയില്ല.
ചായ കുടിച്ചു കഴിഞ്ഞ് അണ്ണൻ തുടർന്നു, “ഞാൻ പഞ്ചാബിൽ പോയി മൂന്ന് മാസം കഴിഞ്ഞ് അവിടത്തെ ലാന്‍ഡ് പോണില്ല എനിക്കൊരു കോൾ വന്നു. എന്റെ അച്ഛൻ ആയിരുന്നു ഫോണിൽ. എന്റെ അനിയത്തിമാർ രണ്ടുപേരും ആത്മഹത്യ ചെയ്തു എന്നായിരുന്നു ന്യൂസ്. എനിക്ക് ശെരിക്കും ഭ്രാന്ത് പിടിച്ചത് പോലെയായി. ഭ്രാന്തനെ പോലെ തന്നെയാ ഞാൻ നാട്ടില്‍ എത്തിയതും.” അണ്ണൻ പെട്ടന്ന് കഥ നിർത്തി തല കുനിച്ചിരുന്നു.
“അത്താൻ…” വിഷമം നിറഞ്ഞ കണ്ണുകളോടെ മല്ലിക ചേച്ചി അണ്ണനെ സ്നേഹത്തോടെ വിളിച്ചു. എന്നിട്ട് ആശ്വസിപ്പിക്കനായി അണ്ണന്റെ പുറത്ത് കൈ വച്ച് മല്ലിക ചേച്ചി മെല്ലെ തടവി കൊടുത്തു.
ഞാൻ സങ്കടത്തോടെ അണ്ണനെ നോക്കി ഇരുന്നു.
“രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞ് സ്വന്തം റൂമും പൂട്ടി ഞരമ്പ് മുറിച്ചാണ് രണ്ടുപേരും ജീവനൊടുക്കിയത്.” അണ്ണൻ കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് പറഞ്ഞു.
“എന്തിനാ അവർ അങ്ങനെ ചെയ്തത്…!?” ഞെട്ടലോടെ ഞാൻ ചോദിച്ചു.
“കുഞ്ഞമ്മ…” അണ്ണൻ കണ്ണുകൾ തുറക്കാതെ വെറുപ്പോടെ പറഞ്ഞു. “എന്റെ അനിയത്തിമാർക്ക് കാമുകന്‍മാര്‍ ഉണ്ടായിരുന്നു എന്നും അവന്മാർ ഇവരെ ചതിച്ചിട്ടുണ്ടാവും എന്നും, അത് സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തിട്ടുണ്ടാവും എന്നുമാണ് കുഞ്ഞമ്മ എന്നോട് തിരിച്ചും മറിച്ചും പറഞ്ഞ് എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നത്. പക്ഷേ അതൊന്നും ഞാൻ വിശ്വസിച്ചില്ല.”