ചേച്ചി ചെന്ന് എലിപ്പൊറി പോലെ തോന്നിക്കുന്ന, പക്ഷേ അതിനേക്കാള്‍ ഏഴെട്ട് മടങ്ങ് വലിപ്പമുള്ള, ഒരു സാധനത്തിന്റെ പ്ലഗ് എടുത്തു കുത്തി സ്വിച്ച് ഇട്ടു. അപ്പോഴാണ് അത് ഹീറ്റർ ആണെന്ന കാര്യം മനസിലായത്. ഹാളിലെ അന്തരീക്ഷം ചെറുതായി ചൂടു പിടിച്ചു വന്നതും എനിക്ക് ആശ്വാസം തോന്നി.
“ഉക്കാറ് ഡാലിയ. നാൻ പോയി ചായ എടുക്കാം.” ചേച്ചി പറഞ്ഞതും ഞാൻ ഹാളില്‍ കിടന്ന ആറ് കസേരകളിലൊന്നിൽ ഇരുന്നു. അണ്ണനും എന്റെ അടുത്തായി ഒരു കസേരയില്‍ ഇരുന്നു.
എന്റെ കണ്ണുകൾ ഹാളില്‍ തൂകിയിട്ടിരുന്ന ഫോട്ടോ ഫ്രെയിമുകള്‍ ഓരോന്നിലായി നോക്കി പഠിച്ച് നീങ്ങി കൊണ്ടിരുന്നു. രണ്ടെണ്ണത്തിൽ അണ്ണനും ചേച്ചിയും ആയിരുന്നു. ബാക്കി നാലെണ്ണത്തിൽ അണ്ണന്റെ ഇരുപത് വയസിലോ മറ്റോ എടുത്ത ഫോട്ടോ ആണെന്ന് തോന്നുന്നു. അണ്ണന്റെ രണ്ടു വശത്തായി പതിനാലോ പതിനഞ്ചോ പ്രായം തോന്നിക്കുന്ന രണ്ട് പെൺകുട്ടികൾ നില്‍ക്കുന്നത് കണ്ടു. അവർ ഇരട്ടകള്‍ ആയിരുന്നു.
ഞാൻ ആശ്ചര്യത്തോടെ അണ്ണനൈ നോക്കി. സാമുവേല്‍ അണ്ണൻ എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
“അണ്ണന്റെ അനിയത്തിമാരാണോ അവർ..?” ഞാൻ ചോദിച്ചു.
“അതേ, എന്റെ അനിയത്തിമാരാണ്.. നീയും ഡെയ്സിയും പോലെ അവരും ഇരട്ടകളാണ്. പക്ഷേ ഇപ്പൊ അവർ രണ്ടുപേരും ജീവനോടെ ഇല്ല. അവരുടെ പതിനേഴാം വയസില്‍ അവർ ആത്മഹത്യ ചെയ്തു.” അണ്ണൻ ദുഃഖിതനായി പറഞ്ഞു. “ആത്മഹത്യ ചെയ്തു എന്ന് പറയുന്നതിലും ഉചിതം, അവരെ കൊന്നു എന്ന് പറയുന്നതാണ്.”