“ആ അടിപിടിക്കിടയിൽ നിന്നെ കൊണ്ടുപോയാൽ ശരിയാവില്ല, ഡാലി. അതുകൊണ്ട് നിന്നെ ഞാൻ വീട്ടില്‍ കൊണ്ടാകാം.” ചേട്ടൻ പറഞ്ഞു. ഉടനെ ഞാൻ മുഖം വീർപ്പിച്ചു.
“ശെരിയാ, ഡാലിയ അങ്ങോട്ട് പോകണ്ട.” മല്ലിക ചേച്ചിയും തമിഴില്‍ പറഞ്ഞു.
“നി പോ, തമ്പി. പോയി ആ പ്രശ്നം തീര്‍ക്ക്. പിന്നെ നി തിരികെ വരുംവരെ ഡാലിയ ഞങ്ങളുടെ വീട്ടില്‍ നില്‍ക്കട്ടെ.” അണ്ണൻ പറഞ്ഞു.
ഉടനെ എനിക്ക് ഓക്കെ ആണോ എന്ന് ചോദിക്കും പോലെ ചേട്ടൻ എന്റെ മുഖത്ത് നോക്കി. ചേട്ടന്റെ കൂടെ പോണം എന്നായിരുന്നു ആഗ്രഹം. പക്ഷേ ഇവരുടെ കൂടെ നിൽക്കാൻ ഞാൻ തീരുമാനിച്ചു. കാരണം, സാമുവേല്‍ അണ്ണനോട് കുറച്ച് കാര്യങ്ങൾ ചോദിക്കാൻ ഉണ്ടായിരുന്നു.
“ഞാൻ ഇവരുടെ കൂടെ നില്‍ക്കാം. ചേട്ടൻ പോയിട്ട് വാ.” ഞാൻ പറഞ്ഞു.
“എന്നാ ശെരി, ആദ്യം നമുക്ക് ചെന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കാം.. അതുകഴിഞ്ഞ് നിങ്ങളെ ഞാൻ ഡ്രോപ്പ് ചെയ്തിട്ട് പോകാം.” ചേട്ടൻ ഞങ്ങളോട് പറഞ്ഞു.
“നമുക്ക് കഴിക്കാം.” അണ്ണനും സമ്മതിച്ചു. “പക്ഷേ ഞങ്ങളെ ഡ്രോപ്പ് ചെയ്യേണ്ട കാര്യമില്ല.” അണ്ണൻ കൂട്ടിചേര്‍ത്തു.
“ശെരിയാ. നിന്റെ വണ്ടി നില്ക്കുന്നിടത്ത് നിന്നും വെറും നാലു മിനിറ്റ് നടക്കേണ്ട ദൂരമല്ലേയുള്ളു..” മല്ലിക ചേച്ചി പറഞ്ഞു. “കൂടാതെ ഈ പ്ലേസ് എല്ലാം നടന്നു കാണുന്നതാണ് സുഖം. ഡാലിയക്കും അത് ഇഷ്ടപ്പെടും.”
“എനിക്കും ഇതൊക്കെ നടന്നു കണ്ടാല്‍ മതി…” ഞാനും സമ്മതിച്ചു.
അങ്ങനെ നാലുപേരും ചേട്ടന്റെ വണ്ടി പാർക്ക് ചെയ്തിരുന്ന ആ ഹോട്ടലിൽ തന്നെ പോയി കഴിച്ചു. കഴിച്ചിട്ട് ചേട്ടൻ കാശും കൊടുത്തിട്ട് മല്ലിക ചേച്ചിയെ നോക്കി.