“അത് സാരമില്ല ചേച്ചി. മൂന്ന് വര്‍ഷത്തിനു മുമ്പാവും ചേച്ചി അവളെ അവസാനമായി കണ്ടത്. പിന്നെ മൂന്ന് വര്‍ഷത്തിനു ഇപ്പുറം അവളെ പോലെ ഒരാളെ കണ്ടതും ഓര്‍ക്കാം ചിലപ്പോ കഴിയില്ല..” ഞാൻ പുഞ്ചിരിച്ചു.
ചേട്ടനും അണ്ണനും മാറിനിന്ന് എന്തോ രഹസ്യം പോലെ ശബ്ദം താഴ്ത്തി സംസാരിക്കുന്നത് ഞാൻ കണ്ടു. ചേട്ടനെ തന്നെ മതിമറന്ന് ഞാൻ പുഞ്ചിരിയോടെ നോക്കി നിന്നു.
പെട്ടന്ന് എന്റെ തോളത്ത് ഒരു തട്ട് കുട്ടിയാണ് ബോധം വന്നത്.
“എന്ന…” മല്ലിക ചേച്ചി കള്ളച്ചിരിയോടെ കണ്ണുകൾ കൊണ്ട് ചേട്ടനെ കാണിച്ചിട്ട് പുരികം ഉയർത്തി. എനിക്ക് ചേട്ടനെ ഇഷ്ട്ടമാണോ എന്ന് ചോദിക്കും പോലെ.
നാണം എന്റെ മുഖത്ത് പെട്ടന്ന് ഇരച്ചുകയറി. ഞാൻ ഒന്നും മിണ്ടാതെ നിന്നു. അതുകൊണ്ട് ചേച്ചി എന്റെ വീട്ടിലുള്ളവരെ കുറച്ചൊക്കെ അന്വേഷിച്ചു. ഞാനും എല്ലാത്തിനും മറുപടി കൊടുത്തു. അതുകഴിഞ്ഞ് ഞങ്ങൾ കുറച്ചുനേരം എന്തൊക്കെയോ സംസാരിച്ചു.
ചേച്ചി എന്നോട് നല്ല ഫ്രീയായി സംസാരിച്ചു. അതുകൊണ്ട് എനിക്ക് ചെറിയൊരു അടുപ്പം തോന്നി. ഞാൻ ചേച്ചിയെ കുറിച്ചും ചേച്ചിയുടെ കുടുംബത്തെ കുറിച്ചും ചോദിച്ചു. പക്ഷേ ചേച്ചി പെട്ടന്ന് അസ്വസ്ഥയായി. സങ്കടവും ദേഷ്യവും എല്ലാം മുഖത്ത് മാറിമാറി വന്നു. എനിക്കൊന്നും മനസ്സിലായില്ല.
അന്നേരം ചേട്ടന്റെ മൊബൈൽ ശബ്ദിച്ചതും ഞാനും ചേച്ചിയും അങ്ങോട്ട് നോക്കി. ചേട്ടൻ മൊബൈൽ എടുത്ത് സ്ക്രീനില്‍ നോക്കി. എന്നിട്ട് അല്‍പ്പം മാറി നിന്നിട്ട് കോൾ എടുത്ത് ചെവിയോട് ചേര്‍ത്തു പിടിച്ച് സംസാരിച്ചു. അന്നേരം സാമുവേല്‍ അണ്ണൻ ഞങ്ങൾക്കടുത്തു വന്ന് നിന്നു.