ഞാൻ പിന്നെയും ചേട്ടനെ നോക്കിയപ്പോ ചേട്ടൻ എന്നെ തന്നെ നോക്കുന്നതാണ് കണ്ടത്. ഞങ്ങളുടെ കണ്ണുകൾ തമ്മില്‍ ഇടഞ്ഞതും ചേട്ടൻ വേഗം നോട്ടം മാറ്റി.
“റൂബിന്‍, ഡാലിയ…!!”
അന്നേരം ആരോ എന്നെയും ചേട്ടനെയും വിളിക്കുന്നത് കേട്ടു. ഈ ശബ്ദം എവിടെയോ ഞാൻ കേട്ടിട്ടുണ്ട്.
സാമുവേല്‍ അണ്ണൻ…!! ഉടനെ ആ ശബ്ദം ഞാൻ തിരിച്ചറിയുകയും ചെയ്തു.
ശബ്ദം വന്ന ദിക്കില്‍ ഞാൻ നോക്കി. സാമുവേല്‍ അണ്ണനും ഏതോ ഒരു സ്ത്രീയും പുഞ്ചിരിച്ചു കൊണ്ട് ചേട്ടന്റെ അടുത്തേക്ക് വരുന്നത് കണ്ടു. എന്നോട് സംസാരിച്ചു നിന്ന സ്ത്രീകളോട് ഞാൻ യാത്ര പറഞ്ഞ് വേഗം ചേട്ടന്റെ അടുത്തേക്ക് പോയി.
സാമുവേല്‍ അണ്ണൻ കുന്നൂരിൽ ആണോ താമസം?
“ഡാലിയ.” അണ്ണൻ എന്നെ കണ്ടതും പുഞ്ചിരിച്ചു. “ഇത് എന്റെ ഭാര്യ. പേര് മല്ലിക.” അണ്ണൻ എനിക്കവരെ പരിചയപ്പെടുത്തി തന്നു.
മല്ലിക ചേച്ചി എന്നെ സൂക്ഷിച്ചു നോക്കി. “എങ്കയോ പാത്ത മാതിരി ഇരുക്കുത്…!!” ചേച്ചി എന്നെയും നോക്കി ആലോചിച്ചു നിന്നു
ഉടനെ സാമുവേല്‍ അണ്ണൻ ചേച്ചിയോട് പറഞ്ഞു, “ഇത് ഡാലിയ, ഡെയ്സിയോട ട്വിൻ. ഇന്റര്‍വ്യൂ അന്നയ്ക്ക് എനക്കും ഉന്നമാതിരി താൻ സന്തേകമാ ഇരുന്തിച്ച്.. അപ്പുറം റൂബിന പാത്തതുക്കപ്പറമാ താൻ പുരിഞ്ചത്.”
പെട്ടന്ന് ചേച്ചിയുടെ കണ്ണുകൾ വിടര്‍ന്നു.
“ഓ…” മല്ലിക ചേച്ചി പുഞ്ചിരിച്ചു. “ഡെയ്സിയ രണ്ട് മൂണ് തടവ താൻ പാത്തിരുക്കേൻ… അതനാല താൻ ഫേസ് അവ്വളവാ ഞാബകം ഇല്ലാമ പോച്ച്.”