മാസ് കഴിഞ്ഞ് ഞങ്ങൾ പുറത്തുവന്നതും ആത്മഗതം പോലെ ചേട്ടൻ പറഞ്ഞു, “ദൈവമേ, വെറും പാവമായ ഞാൻ നിന്നോട് പ്രാര്‍ത്ഥിക്കാന്‍ വന്നു. പക്ഷേ നിന്റെ ഈ സുന്ദരി മാലാഖയെ കൊണ്ട് വെറും നുള്ളുകൾ ആണല്ലോ എനിക്ക് വരമായി തന്നത്…!! ഇളക്കി മറിച്ച തേനീച്ച കൂടിനെ കെട്ടിപിടിച്ചിരുന്നെങ്കിൽ പോലും എനിക്ക് കിട്ടിയ നുള്ളിന്റെ പകുതി കുത്തുകൾ പോലും കിട്ടില്ലായിരുന്നു.”
ചേട്ടന്റെ പറച്ചില്‍ കേട്ട് ഞാൻ പരിസരം മറന്നു ചിരിച്ചു. സുന്ദരി മാലാഖ എന്നു പറഞ്ഞതില്‍ നാണവും വന്നു. ഞങ്ങളെ കൂടെ പള്ളിയില്‍ നിന്നും ഇറങ്ങി വന്നവരിൽ ചിലരും ചേട്ടൻ പറയുന്നത് കേട്ടപ്പോ ചിരിച്ചുപോയി.
“അതിന് ചേട്ടൻ എപ്പഴാ പ്രാര്‍ത്ഥിച്ചത്… കീ കൊടുക്കുന്ന കളിപ്പാട്ടം പോലെയല്ലേ പള്ളിയില്‍ ഇരുന്നത്!!” ഞാൻ കളിയാക്കി. അപ്പോഴും ഞങ്ങൾക്ക് അടുത്തായി നിന്നിരുന്നവരെക്കെ ചിരിച്ചു. ചേട്ടനും കൂടെ ചിരിച്ചു.
അതുകഴിഞ്ഞ് ചില സ്ത്രീകൾ എന്നോട് സംസാരിക്കാനായി എന്റെ അടുത്തു വന്നതും ചേട്ടൻ ദൂരേക്ക് മാറി നിന്നു. ആ സ്ത്രീകളോട് ഞാൻ ഓരോ കാര്യങ്ങൾ സംസാരിക്കുമ്പോഴും ഇടക്കിടക്ക് എന്റെ നോട്ടം ചേട്ടന്റെ മേല്‍ വീണു. ചില ആണുങ്ങള്‍ ചേട്ടനോട് സംസാരിക്കുന്നത് കണ്ടു. രണ്ടുമൂന്ന് പെണ്‍കുട്ടികളും ചേട്ടനോട് എന്തോ തമാശ പറഞ്ഞു ചിരിച്ചിട്ട് പോയി.
ആ പെൺകുട്ടികൾ ചേട്ടനോട് സംസാരിച്ചപ്പൊ എന്റെ ഹൃദയത്തിൽ തേനീച്ച കൊട്ടിയത് പോലെ നൊന്തു.
കുറെ പയ്യൻമാരും ചില വലിയ ആണുങ്ങളും എന്നെ ഒളികണ്ണിട്ടും നേരിട്ടും നോക്കി ആസ്വദിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. ചിലരൊക്കെ എന്നെ കുറിച്ച് കമന്റ് ചെയ്യുന്നതും ഞാൻ കേട്ടു. അതൊക്കെ ചേട്ടനും കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അവരുടെ നോട്ടവും കമന്റുകളും മോശമായ തരത്തില്‍ അല്ലായിരുന്നു. അതുകൊണ്ട് എനിക്ക് പ്രശ്നം ഒന്നും ഇല്ലായിരുന്നു.