ഞാൻ ഒരു നുള്ള് കൊടുത്തിട്ട് തുറിച്ചുനോക്കി, ഉടനെ ചേട്ടൻ ഞങ്ങൾ എല്ലാവരെയും പോലെ എണീറ്റു നിന്നിട്ട് രണ്ടു പോക്കറ്റിലും കൈയിട്ട് നിന്നു. ഞാൻ പിന്നെയും നുള്ളി. ഉടനെ പോക്കറ്റില്‍ നിന്നും കൈ മാറ്റി മുഖം വീർപ്പിച്ചു കൊണ്ട് ഷർട്ടിന്റെ ഏറ്റവും താഴത്തെ ബട്ടണ്‍ ഊരിയും ഇട്ടും കളിക്കാന്‍ തുടങ്ങി. ഞാൻ പിന്നെയും നുള്ളി. ചേട്ടൻ ബട്ടൺസ് വിട്ടിട്ട് മുഖവും വീർപ്പിച്ച് അള്‍ത്താരയും നോക്കി നിന്നു.
അതിനുശേഷം എഴുനേറ്റ് നില്‍ക്കേണ്ട സമയത്തും മുട്ടുകുത്തി നില്‍ക്കേണ്ട സമയത്തും എല്ലാം ഓരോ നുള്ള് കൊടുത്താണ് ചേട്ടനെ അതെല്ലാം ചെയ്യിപ്പിച്ചത്. ഇരിക്കാനുള്ള സമയം വരുമ്പോ മാത്രം ചേട്ടൻ ചാടിക്കേറി ഇരുന്നിട്ട് കുസൃതി കുട്ടികളെ പോലെ എനിക്ക് നാക്കു നീട്ടി കാണിക്കും.
എനിക്ക് ശെരിക്കും ചിരി വരുന്നുണ്ടായിരുന്നു. ചേട്ടന്റെ കൊപ്രായങ്ങളും എന്റെ നുള്ളലും എല്ലാം, ഞങ്ങളുടെ അതേ ബെഞ്ചിലിരിക്കുന്നവരും, ഞങ്ങൾക്ക് പുറകില്‍ ഇരിക്കുന്ന ചിലരും കണ്ട് അടക്കി ചിരിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. എന്നിട്ടും ചേട്ടന് ഒരു കൂസലുമില്ല. ഞാൻ നുള്ളിയാലേ ഓരോന്നും ചെയ്യത്തുള്ളു. കള്ള ചേട്ടനോട് എനിക്ക് ഒരുപാട് ഇഷ്ട്ടം കൂടി. കുഞ്ഞ് കുട്ടികളെ ചെയ്യുന്നത് പോലെ ചേട്ടനെ എന്റെ മടിയില്‍ പിടിച്ചിരുത്തി എന്റെ മാറോട് ചേര്‍ത്തു പിടിക്കാന്‍ ആഗ്രഹം ഉണ്ടായി.
ചില പെൺകുട്ടികൾ ചേട്ടനെ ഒരുതരം ഇഷ്ടത്തോടെ നോക്കുന്നതും ഞാൻ ശ്രദ്ധിച്ചു. അതുകണ്ട് എനിക്ക് പെട്ടന്ന് ദേഷ്യം വന്നു. ഞാൻ മുഖം ചുളിച്ച് അവരെ കലിയിൽ നോക്കി. ഉടനെ അവർ നേരെ നോക്കിയിരുന്നു. പക്ഷേ ഇടക്കിടക്ക് ചേട്ടനെ അവർ നോക്കുക തന്നെ ചെയ്തു കൊണ്ടിരുന്നു.