*****************
“എടി ഉറക്കം തൂങ്ങി മഹാലക്ഷ്മി… എണീക്കടി…” ചേട്ടന്റെ പറച്ചിലും ചിരിയും കേട്ടു. ഒപ്പം ഞാൻ പുതച്ചിരുന്ന കമ്പിളിയുടെ ഭാരവും കുറഞ്ഞ് പെട്ടന്ന് അപ്രത്യക്ഷമായി.
“അയ്യോ… തണുക്കുന്നേ….!!!” വിളിച്ചു കൂവി കൊണ്ട് എഴുനേറ്റിരുന്ന് പൂച്ച കുഞ്ഞിനെ പോലെ ഞാൻ വിറച്ചു.
കണ്ണുകൾ തുറന്ന് ആദ്യം നോക്കിയത് ചേട്ടന്റെ മുഖത്താണ്. എന്റെ മുകളില്‍ നിന്നും വലിച്ചെടുത്ത കമ്പിളി മടക്കിക്കൊണ്ട് ചേട്ടൻ ചിരിച്ചു.
ആ ചിരി എനിക്ക് നല്ലോരു ഉണര്‍വ്വിനെ തന്നു. ചേട്ടന്റെ കുളിയൊക്കെ കഴിഞ്ഞെന്ന് ചേട്ടനെ കണ്ടാലറിയാം.
“തണുക്കുന്നു ചേട്ടാ…” കൈകൾ കൂട്ടിക്കെട്ടി തോള്‍ രണ്ടും കൂച്ചി പിടിച്ചു കൊണ്ട് ഞാൻ ചിണുങ്ങി.
“സമയം 06:15 ആയി. പള്ളിയില്‍ പോകണ്ടേ…?”
“അയ്യോ… ഞാൻ അത് മറന്നു.” വിറച്ചു കൊണ്ട് ബെഡ്ഡിൽ നിന്നിറങ്ങി. പക്ഷേ തണുപ്പ് ഭയങ്കരം ആയിരുന്നു. ഞാൻ വേഗം ചേട്ടന്റെ അടുത്തു ചെന്നു. എന്നിട്ട് ചേട്ടനോട് ചേര്‍ന്ന് കുഞ്ഞിനെ പോലെ ഞാൻ പതുങ്ങി നിന്നു.
ചേട്ടന്റെ കണ്ണുകളില്‍ പെട്ടന്ന് വാത്സല്യം മിന്നിമറഞ്ഞു. അതിനെ കണ്ടതും എനിക്ക് പറയാന്‍ അറിയാത്ത എന്തോ ഒരു ഇഷ്ട്ടം ചേട്ടനോട് തോന്നി.
“ഇങ്ങനെ തണുത്തു വിറച്ച് നില്‍ക്കാതെ നിന്റെ റൂമിൽ ചെന്ന് കുളിച്ച് റെഡിയാവ് പെണ്ണേ… ചുടു വെള്ളത്തില്‍ കുളിക്കുമ്പോ തണുപ്പൊക്കെ മാറിക്കോളും.” ചേട്ടൻ പറഞ്ഞു.
“ഇവിടെയുള്ള ഈ ബാത്റൂമിൽ കുളിച്ചാൽ ചേട്ടന് എന്താ കുഴപ്പം?” ഞാൻ ചോദിച്ചു.