ഒന്‍പതരയ്ക്ക് ഞങ്ങൾ ഈട്ടിയിൽ നിന്നും തിരിച്ചു. വണ്ടിയില്‍ കേറിയ ഉടനെ ഞാൻ സീറ്റില്‍ ചാരിയിരുന്നു ഉറങ്ങിപ്പോയി. അത്രമാത്രം ക്ഷീണം ഉണ്ടായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചേട്ടനെ കൂടെ കിട്ടിയതിനു ശേഷം തൊട്ടാണ് നല്ലതുപോലെ ഉറങ്ങാൻ കഴിയാതെ പോയത്… രാവും പകലും ചേട്ടന്‍ കൂടെ ഉള്ളപ്പോ എങ്ങനെയാ ഉറങ്ങാൻ തോന്നുക.
ഡെയ്സി പോയതില്‍ പിന്നേ വര്‍ഷങ്ങളായി ചേട്ടനും നല്ലതുപോലെ ഉറങ്ങിയിട്ടില്ലെന്ന് അറിയാം. എപ്പോഴും ആ മുഖത്ത് ഒരു ക്ഷീണം കാണാന്‍ കഴിയുമായിരുന്നു. ഇന്ന് രാവിലെ തൊട്ട് പതിവിലും കൂടുതൽ ക്ഷീണം ആ മുഖത്തുണ്ടായിരുന്നു.. എങ്ങനെ വണ്ടി ഓടിക്കുന്നു എന്നാണ് ഞാൻ ചിന്തിച്ചത്.
പത്തു മണിക്ക് വീട്ടില്‍ എത്തി ചേട്ടൻ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. രാത്രി ഒന്‍പത് മണിക്ക് നാട്ടിലേക്ക് തിരിക്കണമെന്ന് പറഞ്ഞിരുന്നത് പോലും ഞങ്ങൾ രണ്ടാളും മറന്നുപോയിരുന്നു. ഇപ്പോഴാണ് ചേട്ടൻ അതിനെ കുറിച്ച് ഓര്‍ത്തത്.
“നല്ല ക്ഷീണം… നമുക്ക് നാളെ രാവിലെ ഇവിടെ നിന്നും പോയാല്‍ പോരെ..?” ഞാൻ ചോദിച്ചു. ചേട്ടന്റെ മുഖത്തും ഭയങ്കര ക്ഷീണം ഉണ്ടായിരുന്നു. ഈ അവസ്ഥയില്‍ വണ്ടി ഓടിക്കുന്നത് ആപത്താണ്.
ചേട്ടൻ ഒന്ന് മടിച്ചു. പക്ഷേ അതാണ് നല്ലതെന്ന് മനസ്സിലായതും ചേട്ടൻ തലയാട്ടി. “പകല്‍ സമയത്തുള്ള ട്രാഫിക്കും ശബ്ദവും വല്ലാത്ത തലവേദനയാണ്…. കൂടാതെ യാത്രയുടെ ദൈര്‍ഘ്യം കൂടും.. പകല്‍ സമയത്ത് യാത്ര ചെയ്താല്‍ പതിനൊന്ന് പന്ത്രണ്ടു മണിക്കൂര്‍ വേണ്ടിവരും അവിടെ എത്താന്‍.” അതൊക്കെ ആലോചിച്ച് ഇപ്പോഴേ തലവേദന വന്നത് പോലെയാ ചേട്ടൻ പറഞ്ഞത്. “എന്തായാലും സാരമില്ല, രാവിലെ ആറു മണിക്ക് നമുക്ക് ഇറങ്ങാം. എനിക്ക് കണ്ണ് തുറന്നിരിക്കാൻ പോലും കഴിയുന്നില്ല… നല്ലോണം ഉറങ്ങണം.”