“ചേട്ടൻ എന്തു മറുപടി കൊടുത്തു…?”
“അവരൊക്കെ നല്ലവരാണ്. അവർ എല്ലാവരെയും എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് ഞാൻ ഓക്കെ പറഞ്ഞു. പക്ഷേ ഇത്രയും പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് ഞാൻ കരുതിയില്ല.”
“അപ്പോ അവർ എല്ലാവരും നീലഗിരിയിൽ വന്ന് സെറ്റില്‍ അവാനാണോ പ്ലാൻ..??!” ചേട്ടനോട് ഞാൻ ചോദിച്ചു. ശെരിക്കും എനിക്ക് സന്തോഷമാണ് തോന്നിയത്.
“ആയിരിക്കാം. എന്തായാലും അവരുടെ പ്ലാൻ എന്താണെന്ന് നാളെ അറിയാം.” ചേട്ടൻ ചിരിച്ചു. “അത് പോട്ടെ. നമുക്ക് ഒന്ന് ചുറ്റി കറങ്ങിയാലോ…?” ചേട്ടൻ ചോദിച്ചതും എന്റെ കണ്ണുകൾ വിടര്‍ന്നു വലുതായി.
“ഞാൻ റെഡി…” സന്തോഷത്തോടെ ഞാൻ പറഞ്ഞു.
***************
ഡീർ പാർക്കും, മുദുമലൈ പാർക്കും, ബോട്ട് ഹൌസും, ദൊഡ്ഡബെട്ട പീക്കും ചുറ്റി കണ്ടു എൻജോയ് ചെയ്തപ്പഴേ അഞ്ചു മണി കഴിഞ്ഞിരുന്നു. അതുകഴിഞ്ഞ് ബൊട്ടാനിക്കൽ ഗാർഡനിലും കേറി, അത് ആറര വരെ മാത്രമേ തുറന്നിരിക്കുകയുള്ളു. അതുകൊണ്ട് ആറരയ്ക്ക് അവിടെ നിന്നും ഇറങ്ങി. പിന്നീട് ഞങ്ങൾ ചെറിയച്ചെറിയ പാര്‍ക്കും പൂന്തോട്ടത്തിലും എല്ലാം പോയി. ശേഷം വണ്ടിയില്‍ തന്നെ ചുറ്റി കറങ്ങി ഒരുപാട് നല്ല സ്ഥലങ്ങള്‍ ചേട്ടൻ കാണിച്ചു തന്നു. അവസാനം, രാത്രി വലിയൊരു ഹോട്ടലിൽ കേറി കഴിച്ച ശേഷമാണ് വീട്ടിലേക്ക് തിരിച്ചത്.
സത്യത്തിൽ എന്റെ മനസ്സ് നിറഞ്ഞിരുന്നു. മാനും, ആനയും, പല തരത്തിലുള്ള പൂക്കളും, മറ്റു കാഴ്ചകളും ഒക്കെ കണ്ടത് കൊണ്ടുമാത്രം അല്ല, എവിടെ ചെന്നാലും ചേട്ടന്റെ കൈയും പിടിച്ചു നടന്നു കൊണ്ട് ഓരോന്ന് കാണാന്‍ കഴിഞ്ഞത് കൊണ്ടുമാണ് മനസ്സ് നിറഞ്ഞത്.