“എടാ കള്ളന്മാരെ, അപ്പോ നിങ്ങൾ എല്ലാവരും കൂടി നിങ്ങളുടെ ബിസിനസ്സ് കാര്യം തീരുമാനിച്ച് ഉറപ്പിച്ചു അല്ലേ..!!” പെട്ടന്ന് ചേട്ടൻ പറഞ്ഞതും അപ്പുറത്ത് ചിരി കേട്ടു.
“എല്ലാം നേരിട്ട് കാണുമ്പോ വിശദമായി പറയാം, ബ്രോ. അതുവരെ ക്ഷമിക്ക്. എന്നാ ബൈ.” ഫ്രാന്‍സിസ് ചേട്ടൻ പറഞ്ഞിട്ട് കോൾ കട്ടാക്കി.
ഒന്നും മനസ്സിലാവാതെ ഞാൻ ചേട്ടനെ നോക്കി. “അവരുടെ എന്തു ബിസിനസ്സ് കാര്യം…?”
“നാട്ടില്‍ വച്ച് അവന്മാര് നാലു പേരും ബിസിനസ്സ് എങ്ങനെ നടത്തണം എന്ന് വിശദമായി എന്നോട് ചോദിച്ചായിരുന്നു.” ചേട്ടൻ റോഡിൽ നോക്കി പറഞ്ഞു.
“ചേട്ടനോട് എന്തിനാ അവർ അതൊക്കെ ചോദിച്ചത്..?”
“ഞാൻ പലതരത്തിലുള്ള ബിസിനസ്സ് ചെയ്യുന്നു എന്ന് അറിഞ്ഞ ശേഷമാണ് അവർ ചോദിച്ചത്. ഞാനും പറഞ്ഞു കൊടുത്തു. അതിനുശേഷം ഇടക്കിടക്ക് ഓരോ സംശയങ്ങളും ചോദിച്ച് വിശദീകരണങ്ങളും അവർ ആവശ്യപ്പെട്ടിരുന്നു. അവർ പോയ ശേഷവും എനിക്ക് കോൾ ചെയ്ത് ഒരുപാട് കാര്യങ്ങൾ തിരക്കിയിരുന്നു. ഞാൻ എല്ലാ വിവരങ്ങളും പറഞ്ഞു കൊടുത്തു. നീലഗിരിയിൽ അവർ എന്തെങ്കിലും ബിസിനസ്സ് തുടങ്ങിയാല്‍ അവര്‍ക്ക് വേണ്ട സപ്പോര്‍ട്ട് ചെയ്യാൻ കഴിയുമോ എന്നും അവർ ചോദിച്ചായിരുന്നു.”
“ധനസഹായം ആണോ…?”
“അല്ല. കാശൊക്കെ അവർ അറേഞ്ച് ചെയ്തോളും. ഇത് അവര്‍ക്ക് അറിയാത്ത നാടും ബിസിനസ്സും അല്ലേ, അതുകൊണ്ട് ഈ നാടും, പിന്നെ ചെയ്യാൻ ഉദ്ദേശിക്കുന്ന ബിസിനസ്സിനെ കുറിച്ചുള്ള എക്സ്പീരിയൻസ് കിട്ടുന്നത് വരെ ഞാൻ അവരുടെ കൂടെ നിന്ന് സഹായിക്കണം പോലും.”