അവള്‍ പറഞ്ഞത് കേട്ട് ഞാൻ വായും പൊളിച്ച് ചേട്ടനെ നോക്കി.
“എന്തായാലും നി ആ സർവേ കാര്യം പറഞ്ഞത് നന്നായി… അതുകൊണ്ട് ഞങ്ങൾ അത് സ്കിപ് ചെയ്തില്ല.” അടുത്ത് ഷാഹിദയുടെ ശബ്ദമാണ് കേട്ടത്.
എന്റെ ഇന്റര്‍വ്യൂ കഴിഞ്ഞ ശേഷം അവരോട് ഞാൻ ചേട്ടൻ പറഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞായിരുന്നു. പിന്നെ എന്റെ ഇന്റര്‍വ്യൂ കുറിച്ചും ഞാൻ അവരോട് വിശദമായി പറഞ്ഞിരുന്നു. പക്ഷേ അവരും ഇവിടെ ട്രൈ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തില്‍ പോലും കരുതിയതല്ല.
“എന്തായാലും നന്നായി. നിങ്ങളും സെലക്ട് ആയാല്‍ എനിക്ക് സന്തോഷമേയുള്ളു..” ഞാൻ പറഞ്ഞു. “പക്ഷേ നിങ്ങൾ എല്ലാവർക്കും ചെറിയ കുട്ടികൾ ഉള്ളതല്ലേ….? അപ്പൊ പിന്നെ ഇത്ര ദൂരത്ത് വന്നാൽ എങ്ങനെ മാനേജ് ചെയ്യും? കൂടാതെ നിങ്ങളുടെ ചേട്ടന്മാരും നിങ്ങളെ വിട്ടിട്ട് എങ്ങനെ…?!”
“അതൊക്കെ നമ്മൾ ഉടനെ നേരിട്ട് കാണുമ്പോ പറയാം മോളെ…” അശ്വതിയായിരുന്നു ഇപ്പൊ സംസാരിച്ചത്.
“ഉടനെ നേരിട്ട് കാണുമ്പോ…?” ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു. എന്നിട്ട് ചേട്ടനെ നോക്കി.
“എനിക്കൊന്നും അറിയില്ല…” ചേട്ടൻ പറഞ്ഞു.
“പിന്നെ നിനക്ക് എന്നാണ് ജോയിൻ ചെയ്യേണ്ടത്..?” മിനി ചോദിച്ചു.
അങ്ങനെ അവരോട് ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു. ഇന്നു രാത്രി ഇവിടെ നിന്ന് തിരിക്കുന്ന കാര്യവും പറഞ്ഞു.
“ഹൈ ഡാലിയ, ഹലോ പ്രോ..” പെട്ടന്ന് രാഹുല്‍ ചേട്ടന്റെ ശബ്ദം ഫോണിലൂടെ ഭയങ്കര ഉച്ചത്തില്‍ കേട്ടു. “ഞങ്ങൾ എല്ലാവരും ഇപ്പൊ നമ്മുടെ പട്ടാളക്കാരന്റെ വീട്ടിലാണ്. നാളെ വൈകിട്ട് നാലു മണിക്ക് ഇവിടെ നിന്ന് ഞങ്ങൾ തിരിക്കും.. നേരെ നിങ്ങളുടെ വീട്ടിലേക്ക്. ഞങ്ങൾ എട്ടുപേരും ഉണ്ടാവും. ഞങ്ങളുടെ കുട്ടികളെയും കൂട്ടി വരുന്നുണ്ട്. പിന്നെ ഞങ്ങൾ വരുന്ന കാര്യം ഞങ്ങൾ തന്നെ അങ്കിള്‍, ആന്റി, വല്യമ്മ, വല്യച്ചനോടും വിളിച്ചു പറഞ്ഞോളാം, കേട്ടോ.”