“അപ്പോ ഇന്നു രാത്രി തന്നെ നമുക്ക് നാട്ടില്‍ പോകാം. ഈ ഒരാഴ്ച എല്ലാവരുടെയും കൂടെ നി ചിലവഴിക്ക്. ജോലിക്ക് കേറിയാല്‍ പിന്നേ തോന്നുമ്പോള്‍ എല്ലാം അവരെ നേരിട്ട് കാണാന്‍ കഴിഞ്ഞെന്ന് വരില്ല.”
ഇന്നു രാത്രി പോകുന്ന കാര്യം പറഞ്ഞതും എന്റെ മുഖം വാടി. സങ്കടം വന്നു.. കരച്ചില്‍ വന്നു… ഹൃദയം മുറുകി പൊട്ടുന്ന പോലെ തോന്നി.
ചേട്ടനെ വിട്ട് എനിക്ക് എങ്ങും പോകണ്ട. എന്നെ നാട്ടില്‍ വിട്ടിട്ട് ചേട്ടൻ ഇങ്ങോട്ട് തിരികെ വന്നാൽ ഒരാഴ്ച ചേട്ടനെ കാണാതെ ഞാൻ എങ്ങനെ കഴിയും…..??! എനിക്ക് നാട്ടില്‍ പോകണ്ട…!!
“പിന്നേ, നിന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നത് കൊണ്ട് നിന്റെ കാര്യം അന്വേഷിച്ച് നിന്റെ നാല് കൂട്ടുകാരികളും എനിക്ക് വിളിച്ചായിരുന്നു. ഞാൻ അവരോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. നി പുറത്തു വന്നതും അവരെ വിളിക്കാൻ പറഞ്ഞിട്ടാ വച്ചത്.”
അപ്പോഴാണ് എന്റെ മൊബൈൽ ഇപ്പോഴും ഓഫാണെന്ന കാര്യം ഓര്‍ത്തത്. ഞാൻ അതിനെ എടുത്ത് ഓണാക്കി.
“പിന്നേ അവന്മാരും വിളിച്ചായിരുന്നു. അവർ എട്ടുപേരും ഒരുമിച്ചാണുള്ളത്.. അവർ എന്തോ പ്ലാൻ ചെയ്തിട്ടുണ്ട്.” ചേട്ടൻ ആലോചിച്ചു കൊണ്ട് പറഞ്ഞു.
ഉടനെ ഞാൻ ഗായത്രിക്ക് കോൾ ചെയ്തു. എന്നിട്ട് സ്പീക്കരിലിട്ടു.
“എന്റെ ഡാലി മോളെ.. എത്ര ലക്കിയാടി നി… ഇത്ര നല്ല കമ്പനിയില്‍ ജോലി കിട്ടുന്നത് ചില്ലറ കാര്യമൊന്നുമല്ല.” കോൾ എടുത്ത ഉടനെ ഗായത്രി ഭയങ്കര ഉത്സാഹത്തോടെ കൂവി വിളിച്ചു. “പിന്നേ ആ കമ്പനിയിൽ ഇനിയും ആളെ എടുക്കുന്നുണ്ട്. ഞങ്ങൾ നാലുപേരും അവിടെ ട്രൈ ചെയ്തിട്ടുണ്ടടി മോളെ. അടുത്ത മാസം പതിനഞ്ചിന് ഞങ്ങൾ നാലു പേര്‍ക്കും ഇന്റര്‍വ്യൂ ഉണ്ട്.”