“പക്ഷേ എങ്ങനെ..!!” ആശ്ചര്യം മാറാതെ ഹസീന ചോദിച്ചു. “ഇവിടെ ജോലി ചെയ്യുന്നവർക്ക് മാത്രമേ ഇവിടെ പ്രവേശനം ഉള്ളു, അറിയോ?”
“വിസിറ്റർസിന് അകത്തു വരണമെങ്കിൽ ഒരു സെക്യൂരിറ്റി എപ്പോഴും കൂടെ ഉണ്ടാവണം എന്നാണ് ഇവിടത്തെ നിയമം…” പെട്ടന്ന് അരവിന്ദ് അവിടെ നിന്നുകൊണ്ട് ഞങ്ങളോട് പറഞ്ഞു.” പിന്നെ വിസിറ്റേഴ്സിന് അവരുടെ സ്വന്തം വണ്ടി ഒരിക്കലും അകത്ത് കൊണ്ടുവരാനുള്ള അനുവാദമില്ല. പിന്നെ എങ്ങനെ..?”
എല്ലാവരുടെയും ആശ്ചര്യവും നില്‍പ്പും കണ്ടിട്ട് എനിക്ക് ചിരി വന്നു. ചേട്ടനെ വിചാരിച്ച് എനിക്ക് അഭിമാനം തോന്നി.
“അതൊന്നും എനിക്കറിയില്ല. നിങ്ങൾ മൂന്ന് പേരും എന്റെ കൂടെ വാ. എല്ലാ ജോലിയും മാറ്റി വച്ചിട്ട് മൂന്ന് മണിക്കൂറായി റൂബിന്‍ ചേട്ടൻ എനിക്കുവേണ്ടി വെയിറ്റ് ചെയ്യുകയാണ്.” പറഞ്ഞിട്ട് അവരെയും കൂട്ടി ഞാൻ നടന്നു. ആണുങ്ങള്‍ മൂന്ന് പേരും അവിടെ മിഴിച്ചു നിന്നു.
“എടാ അരവിന്ദ്.. ആ പെണ്ണിന്റെ ചേട്ടൻ നിസ്സാരക്കാരൻ അല്ലെന്ന് തോന്നുന്നു. അതുകൊണ്ട് അവളോട് നിന്റെ കളി ഒന്നും എടുക്കല്ലേ..!!” ഞങ്ങളോട് കൈ കൂപ്പി ക്ഷമ ചോദിച്ച ആൾ പുറകില്‍ നിന്നും രഹസ്യമായി പറയുന്നത് കേട്ട് ഞങ്ങൾ നാലുപേരും ചിരിച്ചു.
ചേട്ടന്റെ വണ്ടി പാർക്കിംഗിൽ തന്നെ ഉണ്ടായിരുന്നു. വണ്ടിക്കകത്തിരുന്ന് ചേട്ടൻ സ്വന്തം ലാപ്ടോപ്പിൽ എന്തോ ചെയ്തു കൊണ്ടിരുന്നു.
“ആഹാ.. കഴിഞ്ഞോ?” ഞങ്ങളെ കണ്ടതും എന്നോട് ചോദിച്ചിട്ട് മറ്റുള്ള മൂന്ന് പേര്‍ക്കും ചേട്ടൻ ഒരു പുഞ്ചിരിയും കൊടുത്തു.