ഒടുക്കം മനോജിടപെട്ടു! ഇവൾ ഹൗസ് വൈഫാണ്.. സ്വരത്തിൽ ഇത്തിരി പുച്ഛം കലർന്നിരുന്നോ? ഇവിടത്തെ…. സ്ക്കൂളിലാണ് വിനുവിനെ ചേർത്തത്. (ഒരു കഴുത്തറപ്പൻ സ്ക്കൂൾ!) എനിക്ക് നാളെത്തന്നെ ജോയിൻ ചെയ്യണം.
ശരി… ഞങ്ങൾ നിങ്ങളുടെ സമയം ഇനിയും മെനക്കെടുത്തുന്നില്ല. എപ്പോൾ വേണമെങ്കിലും കാണാമല്ലോ! ഞാനെണീറ്റു. ഒപ്പം ലതിയും…
ആ… കാലത്ത് ലോഡിറക്കാൻ അവന്മാര് അന്യായ കൂലിയാ ചോദിച്ചത്. പറ്റത്തില്ലെന്ന് ഞാൻ വെട്ടിത്തുറന്നു പറഞ്ഞു. പിന്നവര് വഴിക്കു വന്നു. മനോജ് പിന്നെയും നെഞ്ചു മുന്നോട്ടു തള്ളി. ലതി എന്നെയൊന്ന് ഇടം കണ്ണിട്ടു നോക്കി.
മോള് സൗകര്യം കിട്ടുമ്പോഴൊക്കെ അങ്ങോട്ടു വരണം കേട്ടോ. ലതി കവിതയുടെ തോളിലൊന്നമർത്തിയിട്ടു പറഞ്ഞു.. അവൾ തലയാട്ടി.
മഴ തോർന്നിരുന്നു. എന്നാലും മേഘങ്ങളുണ്ട്. വെയിലില്ല. ഞങ്ങൾ വെറുതേ കോളനിയിലൂടെ നടന്നു. ഇച്ചിരെ തലക്കനമൊണ്ടോ നമ്മടെ പുതിയ അയൽവാസിയ്ക്ക്? ലതി ചോദിച്ചു. ആ… കാണാൻ പോണ പൂരം പറഞ്ഞറിയിക്കണോ? ഞാൻ ചിരിച്ചു.
ആ പെണ്ണൊരു പാവാണെന്നു തോന്നുന്നു! അയാള് ഡോമിനേറ്റു ചെയ്തിട്ടിരിക്കുവാ! ലതി പറഞ്ഞു. ആ… മിണ്ടാപ്പൂച്ച കലമൊടയ്ക്കും എന്നല്ലേ! ഞാൻ പിന്നെയും ചിരിച്ചു.
ദേ! ഒരു മാതിരി! അവളെൻ്റെ കൈത്തണ്ടയിൽ അമർത്തിപ്പിച്ചി. എന്തു പറഞ്ഞാലും തറുതല!ആഹ്! താടകേ! തൊലിയെടുത്തല്ലോ! ഞാൻ നുള്ളുകൊണ്ടയിടം തിരുമ്മി…
കണക്കായിപ്പോയി! അവൾ എൻ്റെ കൈത്തണ്ടയിൽ കൈ കോർത്തു.
അതല്ലെടീ! സാധാരണ ഞാനെടുത്തു ചാടുമ്പം നീയല്ലേ പറയാറ്… കുറച്ചു കാത്തിരിക്ക്… പെട്ടെന്നങ്ങനെ ആരേം പറ്റി അഭിപ്രായമൊണ്ടാക്കരുത്… പിന്നിന്നെന്തു പറ്റി?