ആ പിന്നേ! വീഡിയോ കോൾ കഴിഞ്ഞപ്പോൾ ലതിയെണീറ്റു. അപ്രത്ത് പുതിയ താമസക്കാരു വന്നല്ലോ…. കൊറച്ചു നാളായി അടച്ചിട്ടതല്ലേ…
ആ ഞാങ്കണ്ടെടീ…. ഞാൻ കാലത്തെ വിശേഷങ്ങൾ വിളമ്പി.
നമുക്കങ്ങോട്ടു പോവാം. ഇപ്പോത്തന്നെ. ഇന്നാള് വാങ്ങിയ പിച്ചളയുടെ പ്ലേറ്റ് അതുപോലുണ്ട്. അതുമെടുക്കാം. ഞാനുമെണീറ്റു. ലതി പോയിക്കഴിഞ്ഞാൽ ഇത്തരം സോഷ്യൽ വിസിറ്റുകളൊന്നും നടപ്പില്ല.
ഞങ്ങൾ ഗേറ്റു തുറന്ന് അടുത്ത വീട്ടിലേക്കു കയറി. മുറ്റത്ത് പുല്ലു വളർന്നിട്ടുണ്ട്. വെളിയിൽ വീട്ടുടമ കാര്യമായ മെയിൻ്റനൻസൊന്നും നടത്തിയ ലക്ഷണമില്ല.
വരാന്തയിൽത്തന്നെ രാവിലെ കണ്ട വെളുത്തു കുറുകിയ മുപ്പത്തഞ്ചുകാരനുണ്ടായിരുന്നു. ഒരു ടീഷർട്ടും ഷോർട്ട്സുമാണ് വേഷം…
നമസ്തേ! ഞങ്ങളപ്രത്താണ്. ലതിക, വിശ്വം. എൻ്റെ ബെറ്റർ ഹാഫ് പരിചയപ്പെടുത്തലിലേക്കു കടന്നു. അവൾ ഇതൊക്കെ സ്വാഭാവികമായി കൈകാര്യം ചെയ്തോളും. അവൾ മനോഹരമായി പുഞ്ചിരിച്ചു. ചെറുപ്പക്കാരൻ്റെ കണ്ണുകൾ ഇത്തിരി തിളങ്ങി. ആരായാലും ഇഷ്ട്ടപ്പെടുന്ന സൗന്ദര്യമാണ് ലതിയ്ക്ക്. ചിരിക്കുമ്പോൾ അഴകിരട്ടിക്കും.
വരൂ! ഞങ്ങളകത്തേക്കു കടന്നു. മൂന്നാലു സോഫകൾ മാത്രം. ഇപ്പോ മാറിയേ ഉള്ളൂ. ഇനി ഇതൊക്കെയൊന്നോർഗനൈസു ചെയ്യണം. അയാൾ ഉള്ളിലേക്കു മറഞ്ഞു. ഞങ്ങൾക്ക് ഇരിക്കാനുള്ള ക്ഷണമില്ലെങ്കിലും അവിടെയിരുന്നു!
അകത്തു നിന്നും കുള്ളൻ വീട്ടുകാരനും കാലത്തു കണ്ട ഉയരമുള്ള സ്ത്രീയും വന്നു. അവൾ മുടി അലക്ഷ്യമായി കെട്ടിവെച്ചിരുന്നു. ലതിയെക്കണ്ടപ്പോൾ അവൾ മുഖം തുടച്ചു. ആകൃതിയൊത്ത മൂക്കും തരക്കേടില്ലാത്ത കണ്ണുകളും… എന്നാൽ എന്തെങ്കിലും ഭംഗി ആ മുഖത്തുണ്ടായിരുന്നത് ഏതോ വല്ലായ്മയും കണ്ണുളിൽ തെളിഞ്ഞ പരിഭ്രമവും മായ്ച്ചു കളഞ്ഞിരുന്നു…