സീമേച്ചിയ്ക്ക് എൻ്റെ മേൽ എപ്പോഴും ഒരു കരുതലുണ്ടായിരുന്നു. എന്നെ ഒറ്റയ്ക്കിരിക്കാൻ വിടില്ല. വീടു ക്ലീൻ ചെയ്യുക, വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പോവുക, ചേച്ചീടൊപ്പം അമ്പലത്തിൽ പോവുക, ഷോപ്പിങ്ങിനു പോവുമ്പോൾ ഡ്രൈവർ പണി, നാടകങ്ങൾ കാണാൻ ചേച്ചിയെ അനുഗമിക്കുക ( ഗോപിയേട്ടൻ എന്നെ തൊഴുതു!)….ഇത്യാദി… പിന്നെ എല്ലാ ദിവസവും പതിവുപോലെ ഓടാൻ പോവുമായിരുന്നു…
ഗോപിയേട്ടന് ഒരു വലിയ പുസ്തകശേഖരമുണ്ടായിരുന്നു. ഞാനതിലാണ്ടു മുങ്ങി… രണ്ടു മാസം കടന്നുപോയതറിഞ്ഞില്ല. അന്ന് ഞാനീ കമുകുപോലെ വളർന്നിരുന്നില്ല. ഇരുപതായപ്പഴാണ് എല്ലാരേം.. ഞാനുൾപ്പെടെ അമ്പരപ്പിച്ച് ആറടിയിലേക്ക് കുത്തനെ പൊങ്ങിയത്. അന്നാണേല് സീമേച്ചിക്ക് എന്നേക്കാളും ഇത്തിരി പൊക്കമുണ്ടായിരുന്നു. അതിനും വേണ്ടി ഗോപിച്ചേട്ടൻ കുള്ളനായിരുന്നു. എന്നാല് ചക്കരേമീച്ചേം പോലെ ഒട്ടി നടന്ന മിഥുനങ്ങളുമായിരുന്നു അവർ!
ഡാ. ഞാൻ നിൻ്റെ കോളേജിൽ ചെന്നിരുന്നു. ടീസി വാങ്ങിച്ചാല് അവര് അറ്റൻ്റൻസ് പ്രശ്നമാക്കുകേല. ഒരു ദിവസം ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ ഗോപിയേട്ടൻ പറഞ്ഞു.
അങ്ങിനെയാണ് പുതിയ കോളേജിൽ ഇംഗ്ലീഷ് ലിറ്ററേച്ചറിന് ചേർന്നത്. ഏതായാലും പഠിത്തത്തിൽ ശ്രദ്ധിച്ചു തുടങ്ങി. മെല്ലെ ജീവിതം ഒരു ട്രാക്കിലായി… രണ്ടാമത്തെ വർഷം തുടങ്ങി…
വിശ്വം. ഒരു ശനിയാഴ്ച്ച ഗോപിയേട്ടൻ ബ്രേക്ക്ഫാസ്റ്റിന് ഞങ്ങളൊത്തു കൂടിയപ്പോൾ ഒരു വിഷയമെടുത്തിട്ടു. ഡിഗ്രി രണ്ടു വർഷത്തിനകം നീ കംപ്ലീറ്റു ചെയ്യും. അതു കഴിഞ്ഞ് എന്തേലും പ്ലാനുണ്ടോടാ?