ഞങ്ങൾ വരാന്തയിൽ മഴയും കണ്ട് ചായയും കുടിച്ചിരുന്നു. നടത്തത്തിൻ്റെ വേഷഭൂഷാദികളൊക്കെ മാറ്റി സ്ഥിരം കൈലിയുടുത്ത് പരുത്ത ഖദർ ജൂബ്ബയിലേക്കു ഞാൻ മാറിയിരുന്നു. ലതി എപ്പോഴും കോട്ടൻ സാരികളാണുടുക്കുക.
ഇതുവരെയായിട്ടും ഞാനാരാണെന്നു പറഞ്ഞില്ല, അല്ലേ! ശരി. വിശ്വനാഥൻ. ഈ ദുനിയാവിൻ്റെ പോയിട്ട് സ്വന്തം വീടിൻ്റെ പോലും നാഥനൊന്നുമല്ല കേട്ടോ! അതൊക്കെ പടച്ചോനേം ലതിയേയും ഏൽപ്പിച്ചിരിക്കയാണ്. ഏറ്റെടുക്കുന്ന കേസുകൾ വായിച്ചു പഠിക്കുക, കോടതിയിൽ പോയി വാദിക്കുക, തരാൻ കഴിവുള്ളവൻ്റെ കയ്യിൽ നിന്നും നന്നായി കാശു വാങ്ങി കീശയിലിടുക, പാവങ്ങളെ പിഴിയാതിരിക്കുക… ഇങ്ങനെ പോവുന്നു ജീവിതം.
പിന്നൊരു കാര്യം. കോളേജിൽ പഠിക്കുമ്പോൾ തൊട്ടുള്ള ഒരു ചെറിയ കമ്പം. നാടകങ്ങൾ. കഴിവതും ഒന്നും വിടാറില്ല. ചില അമച്വർ നാടകങ്ങളിൽ വല്ലപ്പോഴും തലകാട്ടാറുമുണ്ട്. സ്നേഹിതനായ ബാലൻ ഗവർമെൻ്റുദ്യോഗസ്ഥനാണെങ്കിലും അവൻ്റെ പ്രധാന പണി കിട്ടുന്ന ചോട്ടാ സീരിയൽ വേഷങ്ങൾ ചെയ്യുക, അമച്വർ നാടകങ്ങൾ അവതരിപ്പിക്കുക… ഇത്യാദിയാണ്. എന്നെ വല്ലപ്പോഴുമൊക്കെ ഈ അഭിനയത്തിലേക്ക് വലിച്ചിടുന്നത് ഇവനാകുന്നു!
ആ… അതു പറഞ്ഞില്ല. രണ്ടു പെൺമക്കളാണ്. ഇളയവൾക്ക് പെണ്ണുങ്ങളെയാണിഷ്ട്ടം. അർച്ചന. ഞങ്ങടെ അച്ചു. അവളും പാർട്ട്ണറും ആംസ്റ്റർഡാമിലാണ്. ഫാഷൻ ഡിസൈനറാണ്. മൂത്തവൾ ആതിര… കൺവെൻഷനൽ ജോലി… ടേസ്റ്റ്… ഐറ്റിയിലാണ്. കാനഡയിൽ ടൊറോൺടോയിൽ. അവൾക്കൊരുണ്ണി പിറന്നു.
ഡെലിവറി കഴിഞ്ഞ് രാജീവിൻ്റെ (മരുമകൻ) അമ്മ അങ്ങോട്ടു വിടുമെന്നായിരുന്നു പ്ലാൻ. ഗതികേടിന് ഒരു മാസം മുൻപ് പുള്ളിക്കാരി കുളിമുറിയിൽ വീണു കയ്യുളുക്കി. നെറ്റിയിലൊരു മുറിവും. ഒരു മാസമെടുക്കും യാത്ര ചെയ്യാൻ.. പിന്നെ ലതിയ്ക്ക് വിസയൊപ്പിക്കാൻ നെട്ടോട്ടമായിരുന്നു. പത്തു ദിവസം കഴിഞ്ഞാൽ മിക്കവാറും എന്നെയുപേക്ഷിച്ച് അവളങ്ങോട്ടു പറക്കും.