മോളു കരയാതെടീ! ലതി അവളുടെ കണ്ണുകൾ തുടച്ചു. ഇവനെ നിന്നെയേൽപ്പിക്കുവാടീ. പാചകം, വീടു വൃത്തിയാക്കൽ…. ഇതെല്ലാം കമല ചെയ്തോളും. എന്നാലും എടയ്ക്കെല്ലാം ഇവൻ്റെ മേലൊരു കണ്ണു വേണം. ഇപ്പഴും കൊച്ചുപിള്ളാരുടെ സ്വഭാവം ഇടയ്ക്കെല്ലാം പുറത്തെടുക്കും.
കവിത തിരിഞ്ഞെന്നെ കണ്ണുകൾ കൊണ്ടൊന്നുഴിഞ്ഞു! എന്തോ ആദ്യമായി ഞാനൊന്നു കിടുത്തു! ഏതായാലും ലതി പോയി. ഞാനൊറ്റയ്ക്കുമായി. പിന്നെന്താ, ജോലിയിൽ മുഴുകി.
ലതി പോയിട്ട് ഒരാഴ്ച്ചയാവുന്നു. എന്നും കുറച്ചുനേരം ഞങ്ങൾ സംസാരിക്കാറുണ്ട്. ആതിരയ്ക്ക് എന്നോട് അർച്ചനയെപ്പോലത്തെ അടുപ്പമില്ല. അതുകൊണ്ട് അവളോടുള്ള വാചകങ്ങൾ കുറവാണ്. അതിനും കൂടെ രാജീവും ഞാനും നല്ല കമ്പനിയാണ്. വരുമ്പോഴൊക്കെ ക്ലബ്ബിൽ പോയി ഞങ്ങൾ രണ്ടെണ്ണം വീശാറുമുണ്ട്.
അന്നു കാലത്ത് ഓഫീസിലേക്ക് ഇത്തിരി നേരത്തേയിറങ്ങി. സാധാരണ വണ്ടിയോടിക്കുമ്പോൾ എൻ്റെയൊരു ശീലം റേഡിയോ നാടകങ്ങൾ കേൾക്കുക എന്നതാണ്. നാടകത്തിനോടുള്ള അഭിനിവേശം. യു ട്യൂബിൽ ധാരാളമുണ്ട്. മലയാളവും ഇംഗ്ലീഷും… പലതും ക്ലാസ്സിക് ക്രൈം നോവലുകളുടെ നാടകരൂപങ്ങൾ. അപ്പോൾ ഞാൻ നിശ്ശബ്ദനായിരിക്കും. ഈയിടെയായി കവിതയുണ്ടെങ്കിൽ അവളും ഒന്നും മിണ്ടാറില്ല.
അന്നെന്തോ വെളുപ്പിന് ലതിയോടു സംസാരിച്ചതിൻ്റെ മൂഡിൽ ഞാൻ കാറിൽ പഴയ മലയാളം പാട്ടുകൾ പ്ലേ ചെയ്തു… കവിത പിന്നീടു വരുമെന്നാണ് പറഞ്ഞത്. ഗേറ്റിൽ നിന്നുമിറങ്ങി തിരിഞ്ഞപ്പഴേക്കും അവളുടെ ഗേറ്റു തുറന്നു. സാറേ! അവളു നിന്നു കിതച്ചു… ഞാൻ വണ്ടി നിർത്തി ഡോറു തുറന്നു.