പതിനഞ്ചു മിനിറ്റിനകം ലതി തിരികെ വന്നു. കൂടെ അവളുമുണ്ടായിരുന്നു. കവിത! അമ്മേടെ വാലീത്തൂങ്ങി ഒരു കൊച്ചു ചെക്കനും.
ഞാനെണീറ്റു. നമസ്കാരം. ഇന്നും പതിവ് അയഞ്ഞ വസ്ത്രമാണ്. ഒരു ചവുണ്ട നിറത്തിലുള്ള ചുരീദാർ. ഒരു പ്രസരിപ്പില്ലാത്ത മുഖം. അവളൊന്നു ചിരിക്കാൻ ശ്രമിച്ചു. ഇവളെങ്ങനെയാണ് ഒരോഫീസിൽ ജോലിചെയ്തിരുന്നത്? കവിത ഇരിക്കൂ. ഞാൻ പറഞ്ഞു. അവൾ എൻ്റെ എതിരേയുള്ള കസേരയിലിരുന്നു. അവളുടെ പിന്നിൽ നിന്നും ചെക്കനെന്നെ നാണിച്ചു നോക്കി. ലതി എൻ്റെയടുത്തിരുന്നു.
അപ്പോൾ കവിത. ഞാൻ മുന്നോട്ടാഞ്ഞു. വീട്ടിൽ ലാപ്പ്ടോപ്പുണ്ടോ? ഉണ്ട്. പക്ഷേ മനോജിൻ്റെയാണ്. അവൾ ആ ഇമ്പമുള്ള സ്വരത്തിൽ പതുക്കെപ്പറഞ്ഞു… അപ്പോൾ ആദ്യത്തെ ഒന്നുരണ്ടു ദിവസം ഇവിടെ എൻ്റെ വീട്ടിലെ ഓഫീസിൽ വർക്കു ചെയ്യൂ. നാളെ ഒരൊമ്പതിനു വന്നാല് ഡിക്റ്റേഷൻ തരാം.
ഒരു പെറ്റീഷൻ. പിന്നെ ബാക്കി വേണ്ടത് ഡിക്റ്റാഫോണിൽ ഇന്നലെ റെക്കോർഡു ചെയ്തിട്ടുണ്ട്. വിൽപ്പത്രങ്ങളാണ്. അപ്പോ അതെല്ലാം ഇവിടത്തെ ഡെസ്ക്ടോപ്പിൽ ടൈപ്പു ചെയ്താൽ മതി. പിന്നെ… ടേംസ്…
അത് ഞാൻ ചേച്ചിയോട്… കവിത ഇത്തിരി മടിയോടെ പറഞ്ഞു…
മോളേ! ലതി ഇടപെട്ടു. എൻ്റെ പണി കഴിഞ്ഞു. വിശ്വത്തിന് ഒരു നല്ല സ്റ്റെനോ ടൈപ്പിസ്റ്റു വേണം. നിനക്കതിനു കഴിയും എന്നെനിക്കു തോന്നി. ഇനിയെല്ലാം നിങ്ങളു തമ്മിൽ തീരുമാനിച്ചാൽ മതി. പിന്നെ… അവൾ കവിതയുടെ കവിളിൽ തലോടി. ഇവൻ നിന്നെ ഒരിക്കലും ചൂഷണം ചെയ്യില്ല. അതെനിക്കറിയാം. ഹീ വിൽ ഗിവ് യൂ ഫെയർ വേജസ്… അവൾ സ്ഥലം വിട്ടു.