മനസാക്ഷിക്കുത്തിൽ മുറിവേറ്റു ചോര വാർന്ന ഹൃദയവുമായി സല്ലു നിലവിളിച്ചു പോയി… ….
“” ഉമ്മാ……….. ന്റുമ്മാ………. “
ആശുപത്രിയുടെ ഇടനാഴികളിൽ അവന്റെ നിലവിളി പ്രതിദ്ധ്വനിച്ചു…
ചുവരിലൂടെ പുറമുരച്ച് അവൻ ആശ്രയമില്ലാത്തവനേപ്പോലെ നിലത്തേക്ക് കുഴഞ്ഞിരുന്നു…
ഇടനാഴിയിൽ നിന്ന് , ഫോൺ ചെയ്തു കൊണ്ടിരുന്ന അബ്ദുറഹ്മാൻ സല്ലു , നിലവിളിക്കുന്നതു കേട്ട് തിരിഞ്ഞു…
അയാൾ ഓടി വന്നപ്പോഴേക്കും സല്ലു നിലത്തിരുന്ന് കഴിഞ്ഞിരുന്നു…
അടുത്തെത്തിയതും അബ്ദുറഹ്മാൻ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു…
“ ഉപ്പൂപ്പാ… ഉമ്മ……….”
സല്ലു അയാളുടെ നെഞ്ചിലേക്ക് കിടന്ന് വിങ്ങിപ്പൊട്ടി..
“” ഓൾക്കൊന്നും പറ്റൂലെടാ… “
അബ്ദുറഹ്മാൻ അവന്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചു…
“” ഓൾക്ക് കുഴപ്പമൊന്നുമില്ല………. “
മങ്കടയിൽ നിന്നു വന്ന ബന്ധുക്കൾ ഒരു റൂം കാഷ്വാലിറ്റിയോട് ചേർന്ന് ഏർപ്പാടാക്കിയിരുന്നു…
അവിടേക്ക് അബ്ദുറഹ്മാൻ സല്ലുവിനെ കൂട്ടിക്കൊണ്ടുപോയി…
“ എന്താ സംഭവിച്ചത്…?”
സല്ലു മിഴിനീരണിഞ്ഞ മുഖമോടെ അബ്ദുറഹ്മാനെ നോക്കുക മാത്രം ചെയ്തു..
എന്തു പറയണമെന്ന് ഒരു നിമിഷം സല്ലുവിന് ഒരൂഹവും കിട്ടിയില്ല..
“” ഓളെ വിഷമിപ്പിക്കണ്ടാന്ന് ഞാൻ അന്നോട് പറഞ്ഞിട്ടില്ലേ… പതിനാറോ പതിനേഴോ വയസ്സുള്ളപ്പോൾ വീട്ടിൽക്കയറി വന്ന അതേ സ്വഭാവവും പ്രകൃതവുമാ ഓൾക്കിന്നും..”
സല്ലു മുഖം കുനിച്ചു നിന്നതല്ലാതെ മിണ്ടിയില്ല…
അപ്പോഴാണ് അബ്ദുറഹ്മാൻ അവന്റെ കവിളിലേയും കഴുത്തിലേയും പാടുകൾ ശ്രദ്ധിച്ചത്…
“ ഇതെന്താ… ? എങ്ങനെ പറ്റി…?”