“” കാറെടുക്കടാ………..””
അപ്പുറത്തു നിന്ന് വന്നത് അലർച്ചയായിരുന്നു…
ഒരു നടുക്കത്തിൽ സല്ലു ഉലഞ്ഞു…
അതേ, നിമിഷം തന്നെ എതിരെ വന്ന ഒരു വാഹനത്തിന്റെ പ്രകാശം കണ്ണിലേക്കടിച്ചതും സല്ലു ഒരു നിമിഷം മിഴികൾ ചിമ്മിപ്പോയി…
ബ്രേക്ക് അലറി വീഴുന്ന ശബ്ദം കേട്ടു…
ഇടത്തേക്ക് കാർ വെട്ടിച്ചിറക്കിയ സല്ലു , കണ്ണുകൾ തുറന്നതും മുൻപിൽ കണ്ട ട്രാൻസ്പോർട്ട് ബസിലെ ഡ്രൈവർ പുറത്തേക്ക് തലയിട്ട് തെറി വിളിക്കുന്നതു കണ്ടു…
സീറ്റിനു പുറത്തേക്ക് നിരങ്ങിയിറങ്ങിയ സുഹാനയെ പിടിച്ചിരുത്തിയ ശേഷം, റോഡിനു പുറത്ത് ചാടിയ കാർ അവൻ ഇരപ്പിച്ചെടുത്തു…
പിന്നിൽ നിന്നും തുടരെത്തുടരെ ഹോൺ മുഴങ്ങുന്നുണ്ടായിരുന്നു..
കാറിന്റെ അടിഭാഗം റോഡിന്റെ വിളുമ്പിലുരഞ്ഞ ശബ്ദം കേട്ടു…
റോഡിലേക്ക് കയറി കാർ മുരണ്ടു……….
“ എന്താടാ………..?””
വീണ്ടും അബ്ദുറഹ്‌മാന്റെ അലർച്ച കേട്ടു…
സല്ലു മിണ്ടിയില്ല…
അവനെ വിയർത്തു കുളിച്ചിരുന്നു…
താൻ റോംഗ് സൈഡിലാണോ വണ്ടി ഓടിച്ചത് എന്നൊരു സംശയം അവനുണ്ടായി…
അടുത്ത നിമിഷം അവനാ ചിന്ത കൈ വിട്ടു…
ഉമ്മ……….!
സുഹാനയെ നോക്കിയതും അവന്റെ പ്രാണൻ പിടഞ്ഞു…
ചക്രങ്ങൾക്കു ചിറകുകൾ മുളച്ചു…
കാർ പറപ്പിക്കുന്നതിനിടയിൽ സല്ലു അബ്ദുറഹ്മാന്റെ നിർദ്ദേശങ്ങൾ കേട്ടു കൊണ്ടിരുന്നു…
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയുടെ അങ്കണത്തിലേക്ക് സല്ലു കാർ ഓടിച്ചു കയറ്റിയതും സ്ട്രെച്ചറുമായി വന്ന അറ്റൻഡർമാർക്കു മുൻപേ അബ്ദുറഹ്മാൻ പാഞ്ഞു വന്നു..
മങ്കടയിൽ നിന്നും അബ്ദുറഹ്മാനും മൂന്നാലാളുകളും ഹോസ്പിറ്റലിൽ എത്തിയിരുന്നു…