ഇടതു കൈ ഫ്ളോറിൽ നിവർത്തി , നിലത്ത് ബോധമില്ലാതെ കിടക്കുന്ന അവളുടെയടുത്ത് പറന്നതു പോലെ വന്ന് സല്ലു നിന്നു കിതച്ചു…
അവളുടെ വസ്ത്രങ്ങൾക്ക് സ്ഥാനചലനം സംഭവിച്ചിരുന്നു…
വലത്തേ മുട്ടുകാലിനു മീതെ, വലിയൊരു ചുവന്ന വൃത്തം കണ്ടു കൊണ്ട് , സല്ലു കാൽ മുട്ടുകൾ മടക്കി നിലത്തേക്കിരുന്നു…
അഴിഞ്ഞു പോയ മുടിയിഴകളടക്കം വാരിച്ചുറ്റി, സുഹാനയുടെ ശിരസ്സ് അവൻ മടിയിലേക്ക് ചേർത്തു…
“” ഉമ്മാ………..””
പരിഭ്രമവും വിതുമ്പലും കലർന്നിരുന്നു അവന്റെ സ്വരത്തിൽ…
“”ന്റുമ്മാ………..””
ഒരു തവണ കൂടി അവനവളെ കുലുക്കി വിളിച്ചു…
സുഹാന ബോധശൂന്യയായിരുന്നു…
തന്റെ തുടകളിലേക്ക് ഏതോ ദ്രാവകം പടരുന്നതറിഞ്ഞ്, സല്ലു ഇടതുകൈത്തലം സുഹാനയുടെ തലയുടെ പിൻവശത്തേക്ക് ചേർത്തു………
ഒരു വിറയൽ സല്ലുവിലുണ്ടായി…
ചോര…………….!
അറിയാതെ തന്നെ അവന്റെ വലത്തേ കൈ, സുഹാനയുടെ മുഖത്തു കൂടി വിറഞ്ഞു പരതി മൂക്കിനടുത്തെത്തി നിന്നു…
സല്ലു ഒരു ദീർഘനിശ്വാസമെടുത്തു…
“ റബ്ബേ ………. നീ കാത്തു… …. “
അവൻ ഉള്ളുരുകി കരഞ്ഞു…
നൊടിയിടയിൽ അവന്റെ മനസ്സിലൂടെ കഴിഞ്ഞ സംഭവങ്ങൾ പാഞ്ഞു പോയി…
തന്നെ തടയുവാനും രക്ഷിക്കുവാനുമാണ് ഉമ്മ ശ്രമിച്ചത്…
പക്ഷേ ഇപ്പോൾ………. ?
വൈകിയാൽ അപകടമാണെന്ന് അവന്റെ മനസ്സു മന്ത്രിച്ചു…
രക്ഷപ്പെടുത്തണം……….
ആശുപത്രിയിലെത്തിക്കണം…
ഉമ്മയില്ലെങ്കിൽ പിന്നെ താനുമില്ല… ….
സല്ലുവിന് മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല…
സുഹാനയെ നിലത്തേക്കു തന്നെ ചായ്ച്ച് കിടത്തി സല്ലു പടികൾ മുകളിലേക്ക് ഓടിക്കയറി…