“അമ്മ ഇതൊക്കെ എവിടുന്നു പഠിച്ചു” ? ഞാൻ അൽഭുതത്തോടെ ചോദിച്ചു.
“ഇതൊക്കെ എത്രയോ കാലങ്ങളായി നമ്മുടെയിടയിൽ ഈ സമൂഹത്തിൽ ഉള്ളതാണ് റോയ്.പ്രത്യേകിച്ച് പഠിക്കാൻ എന്തിരിക്കുന്നു?.ഞാൻ പാടുന്നത് കേട്ട് റോയി ഇപ്പോൾ ഞെട്ടിയില്ലേ?, മനുഷ്യന്റെ മനസ്സിലുള്ള ഈ ഞെട്ടലുകൾ ഒഴിവാക്കാൻ വേണ്ടി കൂടിയാണ് പൂർവികർ ഇതൊക്കെ ഉണ്ടാക്കിയിരിക്കുന്നത്.
അതിനു മതത്തിന്റെയും വിശ്വാസത്തിന്റെയും കെയർ ഓഫ് കൊടുക്കുമ്പോൾ ഉപയോഗിക്കാൻ മനുഷ്യർക്ക് മടിയുണ്ടാവില്ല. ശാക്തേയ സമ്പ്രദായത്തിലെ മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര എന്നീ പഞ്ചമകാര പൂജയിലൂടെ ദേവി പ്രസാദിക്കും എന്നാണ് വിശ്വാസം.
ഇതിൽ ലൈംഗികത കൊണ്ടുള്ള ആരാധനയായ മൈഥുനത്തിന്റെ പ്രതീകമാണ് അശ്വതി നാളിലെ കാവ് തീണ്ടലിന്റെ ഭാഗമായ ഭരണിപ്പാട്ട് എന്ന് വിശ്വാസം.ജീവന്റെ നിലനിൽപ്പിനു ആധാരമായ ലൈംഗികതക്ക് പ്രാചീന ഭാരതത്തിൽ സുരത ക്രിയയ്ക്ക് ഉപരിയായി ചില ദൈവിക മാനങ്ങൾ കൊടുത്തിരുന്നതായി താന്ത്രിക ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. ഖജുരാ വോയിലെ രതി ശില്പങ്ങളൊക്കെ ഈ വിശ്വാസങ്ങളുടെ ഭാഗമായിരിക്കാം. അമ്മ പറഞ്ഞ് നിർത്തി.
” ഇത് പാടുന്നതിനെ കുറേപ്പേർ എതിർക്കുന്നുണ്ടല്ലോ”? ഞാൻ ചോദിച്ചു.
” പച്ചമലയാളത്തിൽ പാടുമ്പോൾ അത് പലർക്കും അരോചകമായി . അതാണ് എതിർപ്പിന് കാരണം. അങ്ങനെയെങ്കിൽ മേൽപ്പത്തൂർ എഴുതിയ നാരായണീയത്തിലെ രാസകേളി വർണ്ണനകളും വില്വമംഗലം സ്വാമിയുടെ ശ്രീകൃഷ്‌ണകർണ്ണാമൃതത്തിലെ ചില ശ്ലോകങ്ങളും ജയദേവകവിയുടെ ഗീതാഗോവിന്ദവും ഉപേക്ഷിക്കേണ്ടിവരും.