അവനോട് ബസ്സിൽ വേറെ ആളെ ആക്കി സ്റ്റാൻഡിൽ തന്നെ വെയിറ്റ് ചെയ്യാൻ പറഞ്ഞു അഫ്സൽ കാൾ അവസാനിപ്പിച്ചു.
“മക്കൾ എവിടെഡി ? ”
“നന്ദൂട്ടി റെഡി ആയി ഹാളിൽ ഇരിപ്പുണ്ട്. ശ്രീകുട്ടിക്ക് പനിയാടാ. രണ്ട് ദിവസം ആയി”
“എന്നിട്ട് ഡോക്ടർ കാണിച്ചില്ലേ”
“അതിനു ഇവിടുത്തെ ആൾക്ക് സമയം വേണ്ടേ. ജോലിക്ക് പോയില്ലെങ്കിലെന്താ, ഒടുക്കത്തെ തിരക്കല്ലേ”
അഫ്സൽ ഹാളിൽ വന്നു നന്ദൂട്ടിയെ കണ്ടു അവളുടെ കയ്യിലേക്ക് ഒരു ഡയറി മിൽക്ക് വച്ചു കൊടുത്തു. നന്ദൂട്ടിയെ പൊക്കിയെടുത്തവൻ റൂമിലേക്ക് കയറി. നന്ദൂട്ടി അഫ്സലിന്റെ കയ്യിൽ കിടന്ന് അവന്റെ മീശയിൽ പിടിച്ചു വലിച്ചു വേദനിപ്പിച്ചു. ശ്രീകുട്ടിയെ കണ്ടു നന്ദൂട്ടിയെയും ബെഡിലേക്ക് ഇട്ട് അവരുടെ ഒപ്പം ഇരുന്നു.
“അഫ്സൽ മാമാ…”
ക്ഷീണത്തോടെയുള്ള ശ്രീകുട്ടിയുടെ വിളി അവനെ ചെറുതായി വിഷമിപ്പിച്ചു. സിനിയുടെ മക്കൾക്ക് അത്രയും ഇഷ്ടമാണ് അവനോട്.
അവൾക്കും കൊടുത്തു ഒരു ഡയറി മിൽക്ക്.
“മക്കൾക്ക് മാത്രേ ഉള്ളൂ? അമ്മക്ക് ഇല്ലേ?”
“അമ്മക്ക് മേടിക്കാതിരിക്കുമോ ഞാൻ? ”
പോക്കറ്റിൽ നിന്ന് ഡയറി മിൽക്ക് ന്റെ വലിയൊരു പാക്കറ്റ് എടുത്തു സിനിക്ക് കൊടുത്തവൻ ഒന്ന് ചിരിച്ചു
“കിളവി ആയെങ്കിലും ചോക്ലേറ്റിനോട് കൊതിയാ അല്ലെ”
“പോടാ പട്ടി… ”
ചിരിച്ചുകൊണ്ടവൾ അവനു നേരെ കയ്യൊങ്ങിയെങ്കിലും അവൻ പുറത്തേക്ക് ഓടിയിരുന്നു.
“എടീ, ഞാൻ പോവാ… മോൾടെ പനി നാളെയും മാറിയില്ലെങ്കിൽ പറയ് ട്ടാ… നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടോവാം”